ആനക്കൊട്ടിലിന്റെ തൂണുകളിൽ ശില്പ വിസ്മയമൊരുങ്ങുന്നു
1583371
Tuesday, August 12, 2025 10:46 PM IST
പനമറ്റം: പുനരുദ്ധാരണം നടക്കുന്ന പനമറ്റം ഭഗവതീ ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിന്റെ പഴയ ഉരുളൻ തൂണുകളിൽ കൊത്തുപണികളെ അനുസ്മരിപ്പിക്കുന്ന രൂപങ്ങളൊരുങ്ങുന്നു. ശില്പി കുറിഞ്ഞി വടക്കേടത്ത് സജീവ് മാധവാണ് സിമന്റിൽ ദൃശ്യവിസ്മയം തീർക്കുന്നത്. പഴയ തൂണിൽ ചുടുകട്ട കൊണ്ട് പൊതിഞ്ഞ് അതിന് മുകളിൽ സിമന്റുകൊണ്ട് രൂപങ്ങൾ തീർക്കുകയാണ് ചെയ്യുന്നത്.
സജീവ് മാധവിനൊപ്പം മക്കളായ സംഗീതും സങ്കീർത്തും ശില്പനിർമാണത്തിൽ സഹായികളായുണ്ട്. സംഗീത് പ്ലസ്ടുവിലും സങ്കീർത്ത് ഒൻപതാം ക്ലാസിലും കുറിച്ചിത്താനം എസ്കെവി എച്ച്എസ്എസിലാണ് പഠിക്കുന്നത്. അവധി ദിവസങ്ങളിൽ ഇവർ അച്ഛനൊപ്പം ശില്പനിർമാണത്തിൽ പങ്കാളികളായുണ്ട്. സിമന്റിൽ രൂപങ്ങൾ കൊത്തിയെടുക്കുന്നതിലും മിനുക്കുപണികളിലും ഇവർ പ്രാഗത്ഭ്യം നേടി. സൗമ്യയാണ് സജീവിന്റെ ഭാര്യ. സകുടുംബം ഇപ്പോൾ സജീവ് രാമപുരത്താണ് താമസം.
സജീവ് മാധവിനൊപ്പം സഹശില്പിയും ബന്ധുവുമായ സുരേഷ് വടക്കേടത്ത് നിർമാണത്തിൽ മുഴുവൻസമയം ചേരുന്നുണ്ട്.