തോട്ടം മേഖലയുടെ തോഴന് ആയിരങ്ങൾ വിടചൊല്ലി
1585824
Friday, August 22, 2025 11:33 PM IST
വണ്ടിപ്പെരിയാർ: വാഴൂർ സോമൻ എംഎൽഎയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് വണ്ടിപ്പെരിയാറ്റിലേക്ക് ഒഴുകിയെത്തിയത്. രാത്രിയിൽ വാഴൂർ സോമന്റെ വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ രാവിലെ 11.30ന് വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനായി വച്ചു. വീട്ടിലും കമ്യൂണിറ്റി ഹാളിലും നൂറു കണക്കിനു പേർ അന്ത്യോപചാരമർപ്പിക്കാൻ എത്തി.
നാലര പതിറ്റാണ്ട് തോട്ടം തൊഴിലാളികൾക്കായി നിലകൊണ്ട് മർദനം വരെ ഏറ്റ നേതാവിന്റെ വിയോഗം സാധാരണ തൊഴിലാളികൾക്ക് അപ്രതീക്ഷിത ആഘാതമായിരുന്നു.
തന്റെ അവസാന പ്രസംഗം പോലും തൊഴിലാളികൾക്കു വേണ്ടിയായതു നിയോഗംപോലെയായി. പീരുമേട്ടിലെ ഓരോ തൊഴിലാളിയെയും പേരെടുത്ത വിളിക്കാൻ കഴിയുന്ന ഏക നേതാവായിരുന്നു വാഴൂർ സോമൻ. വൈകുന്നരം നാലോടെ മൃതദേഹം പഴയപാമ്പനാർ എസ്.കെ.ആനന്ദൻ സ്മൃതി മണ്ഡപത്തിനു സമീപത്തെത്തിച്ചു.
ചെന്പട്ടിൽ പൊതിഞ്ഞ്
വണ്ടിപ്പെരിയാറ്റിൽനിന്നു പാമ്പനാറിൽ എത്തിച്ച മൃതദേഹം വാഹനത്തിൽനിന്നു ചുവപ്പു സേനാംഗങ്ങളും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, മന്ത്രിമാരായ പി. പ്രസാദ്, കെ.രാജൻ, കെ.പി. രാജേന്ദ്രൻ, കെ.പ്രകാശ് ബാബു, കെ.കെ. അഷറഫ്, കെ.സലിം കുമാർ, പ്രിൻസ് മാത്യു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. പിന്നീട് എൻസിസി 33 കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ അരുൺ ബസുമിത്രിയുടെ നേതൃത്വത്തിലുള്ള സംഘം അഭിവാദ്യമർപ്പിച്ചു.
മകൻ സോബിൻ സോമൻ അന്ത്യകർമം ചെയ്തു. പിന്നീട് ഉറ്റസുഹൃത്തും ആദ്യകാല യൂണിയൻ പ്രവർത്തകനുമായ എസ്.കെ. ആനന്ദൻ അന്ത്യവിശ്രമം കൊള്ളുന്നതിനു സമീപം തയാറാക്കിയ ചെമ്പട്ടുകൊണ്ടു പൊതിഞ്ഞ കുടീരത്തിൽ പാർട്ടി പ്രവർത്തകരുടെ അഭിവാദ്യങ്ങളുടെ അകമ്പടിയോടെ സംസ്കാരിച്ചു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, മന്ത്രിമാരായ അഡ്വ. കെ.രാജൻ, പി. പ്രസാദ്, ജെ.ചിഞ്ചുറാണി, സ്പീക്കർ എ.എം. ഷംസീർ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ ടൈസൻ മാസ്റ്റർ, വി.കെ. സുനിൽകുമാർ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.കെ. ശിവരാമൻ, ജോസ് ഫിലിപ്പ്, വി.കെ. ധനപാൽ, ജയാ മധു, എഐടിയുസി ദേശീയ സെക്രട്ടറി ആർ. പ്രസാദ്, മുൻ മന്ത്രിമാരായ മാത്യു ടി. തോമസ്, കെ.രാജു, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ചെയർമാൻ പി.എസ്. രാജൻ, പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ, ദേശാഭിമാനി മാനേജർ കെ.ജെ. തോമസ്, സി.കെ. ശശിധരൻ, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ, എച്ച്ആർപി യൂണിയൻ പ്രസിഡന്റ് അഡ്വ. സിറിയക് തോമസ്, ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ല പോലീസ് സൂപ്രണ്ട് കെ.എം. സാബു മാത്യു, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു ജേക്കബ്, സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടികുഴി തുടങ്ങി സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ടവർ ആദരാഞ്ജലിയർപ്പിച്ചു.