വീതി കൂട്ടാതെ ടാറിംഗ് ഭരണസമിതി തടഞ്ഞു
1585369
Thursday, August 21, 2025 6:23 AM IST
ഉപ്പുതറ: ചപ്പാത്ത് പമ്പിനു മുന്നിൽ മലയോര ഹൈവേയുടെ ടാറിംഗ് വീതി കുറച്ചു നടത്താനുള്ള നീക്കം അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാര്യം ചേർന്നു തടഞ്ഞു. കുട്ടിക്കാനം - പുളിയൻമല മലയോര ഹൈവേയുടെ രണ്ടാം റീച്ചിന്റെ ഭാഗമയ ചപ്പാത്ത് ടൗണിനു സമീപമുള്ള ടാറിംഗാണ് ബുധനാഴ്ച രാവിലെ തടഞ്ഞത്. രണ്ടാം റീച്ചിന്റെ നിർമാണത്തിനു ചപ്പാത്ത് ടൗണിനു സമീപത്തെ പമ്പ് ഉടമ ഭൂമി വിട്ടുകൊടുത്തിട്ടില്ല.
പമ്പിന്റെ ഇടതു വശത്ത് 2.6 മീറ്ററും വലതുവശത്ത് 1.6 മീറ്ററും ഭൂമിയാണ് ഹൈവേ വീതി കൂട്ടി നിർമിക്കാൻ വിട്ടു നൽകേണ്ടത്. ഇത്രയും ഭാഗം ഒഴിച്ചുള്ള റോഡ് നിർമാണം ഭൂരിഭാഗവും ആറു മാസം മുൻപ് പൂർത്തിയായി.
എന്നാൽ, പമ്പുടമയുടെ നിലപാട് കാരണം ഇവിടെ നിർമാണം നടത്താൻ കഴിഞ്ഞില്ലെന്നു ജനപ്രതിനിധികൾ പറയുന്നു.
വീതിയില്ലാ റോഡ്
ഇവിടെ വീതി എടുക്കാത്തതിനാൽ പമ്പിൽനിന്നു റോഡിലേക്ക് ഇറങ്ങുന്ന ഇരുവശത്തുമുള്ള മൺത്തിട്ടയും പരസ്യബോർഡും കാഴ്ച മറയ്ക്കുന്ന സ്ഥിതിയാണ്. ഇത് അപകടകാരണമാണെന്നും ഇവർ പറയുന്നു. എംഎൽഎയും പഞ്ചായത്ത് ഭരണ സമിതിയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെടെയുള്ളവർ ഇടപെട്ടിട്ടും ഭൂമി വിട്ടുകിട്ടിയിട്ടില്ല. തുടർന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് ഭൂമി അളന്നപ്പോൾ രണ്ടു സെന്റ് റോഡ് പുറമ്പോക്ക് ഭൂമി പമ്പുടമ കൈവശം വച്ചതായി കണ്ടെത്തി.
താലൂക്ക് സർവേയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി വീണ്ടെടുക്കാൻ ഉടുമ്പഞ്ചോല തഹസീൽദാർക്കു ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് നൽകി. എന്നാൽ, ഉത്തരവ് നടപ്പാക്കുന്നതിൽ തഹസീൽദാർ കാലതാമസം വരുത്തി. അതിനിടെ ഭൂസംരക്ഷണ നിയമപ്രകാരം തഹസിൽദാരുടെ നടപടി തടയണം എന്നാവശ്യപ്പെട്ടു പമ്പുടമ ആർഡിഒയ്ക്കു പരാതി നൽകി. ആർഡിഒ ഇക്കാര്യത്തിൽ ഇതുവരെ നടപടി സ്വീകരിച്ചില്ല. തുടർന്നാണ് തടസമുള്ള ഭാഗം ഒഴിവാക്കി ടാറിംഗ് നടത്തി രണ്ടാം റീച്ചിന്റെ നിർമാണം പൂർത്തിയാക്കാൻ കരാറുകാരൻ നിർബന്ധിതനായത്.
കരാറുകാരൻ പോയാൽ
ടാറിംഗ് പൂർത്തിയാക്കി കരാറുകാരൻ പോയാൽ പിന്നീട് ഇവിടെ നിർമാണം നടക്കില്ല. അതിനാലാണ് ജനപ്രതിനിധികൾ ടാറിംഗ് തടഞ്ഞത്. അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൻ, വൈസ് പ്രസിഡന്റ് മനു കെ. ജോൺ, പഞ്ചായത്തംഗങ്ങളായ ബി. ബിനു, എം. കുഞ്ഞുമോൻ, സിപിഎം ലോക്കൽ സെക്രട്ടറി പി. ഗോപി, സിപിഐ ലോക്കൽ സെക്രട്ടറി ഷാജി മാത്യൂ എന്നിവരുടെ നേതൃത്വത്തിലാണ് ടാറിംഗ് തടഞ്ഞത്. മലയോര വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയറുമായി ജനപ്രതിനിധികൾ ചർച്ച നടത്തി.
തുടർന്ന് സ്ഥലം അളന്നപ്പോഴും രണ്ടര മീറ്ററോളം വീതിയിൽ 50 മീറ്ററോളം നീളത്തിൽ പമ്പുടമ റോഡ് പുറമ്പോക്ക് കൈവശം വച്ചിട്ടുണ്ടെന്നു കണ്ടെത്തിയെന്നും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.