വനമേഖലയിൽ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തും: മന്ത്രി
1585366
Thursday, August 21, 2025 6:23 AM IST
ഇടുക്കി: നിയോജക മണ്ഡലത്തിലെ വനമേഖലയോടു ചേർന്നുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി വനം വകുപ്പുമായി ചേർന്ന് പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. വനംമന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യത്തിൽ ഉടൻ പരിശോധിച്ചു നടപടി സ്വീകരിക്കാൻ കോതമംഗലം ഡിഎഫ്ഒയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പാൽക്കുളംമേട്, മീനുളിയാൻപാറ, കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി എന്നിവിടങ്ങളിൽ വിനോദസഞ്ചാരികൾക്ക് എത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കണം. ഇതിനായി ആവശ്യമെങ്കിൽ വനസംരക്ഷണ സമിതി രൂപീകരിച്ച് ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയും പ്രകൃതിയുടെ പരിപാലനം ഉറപ്പാക്കുകയും വേണം. നിരവധി സഞ്ചാരികൾ എത്തുന്ന കാമാക്ഷി പഞ്ചായത്തിലെ കാൽവരി മൗണ്ട്, കാഞ്ചിയാർ പഞ്ചായത്തിലെ മുനന്പ് എന്നിവിടങ്ങളിൽ സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി.
ജില്ലാ ആസ്ഥാനമായ പൈനാവിനോട് ചേർന്നുള്ള മന്ത്രപ്പാറയിൽ ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കം പരിഹരിച്ച് വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഹരിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.