റംബുട്ടാൻ വില തിരിച്ചുകയറുന്നു; വില ഇടിക്കാൻ ആസൂത്രിത നീക്കമെന്ന് കർഷകർ
1585375
Thursday, August 21, 2025 6:23 AM IST
തൊടുപുഴ: കനത്ത മഴ മൂലം വിപണിയിൽ തകർച്ച നേരിട്ട റംബുട്ടാന്റെ വില വീണ്ടും ഉയരുന്നു. മഴ കുറഞ്ഞതും ഉത്പാദന സീസണ് അവസാനിക്കാറായതുമാണ് വില വീണ്ടും ഉയരാൻ കാരണം. വിലയിടിവ് മൂലം കർഷകർക്കു കൈത്താങ്ങായി ഹോർട്ടികോർപ്പ് റംബുട്ടാൻ സംഭരണം ആരംഭിച്ചിരുന്നു.
കേരളത്തിൽനിന്നു റംബുട്ടാൻ കൂടുതലായും ബംഗളൂരു, ചെന്നൈ, കോയന്പത്തൂർ വിപണികളിലേക്കാണ് കയറ്റി അയയ്ക്കുന്നത്. മെട്രോ നഗരങ്ങളിലെ വിപണികൾക്കു പുറമേ പ്രധാനപാതയോരങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് റംബുട്ടാന്റെ വില്പന നടക്കുന്നത്.
ഇത്തവണ സീസണ് ആരംഭിച്ചപ്പോൾ കിലോയ്ക്ക് 130-150 രൂപ തോതിലായിരുന്നു വില. എന്നാൽ, വൈകാതെ മഴമൂലം വില്പന ഇടിഞ്ഞെന്ന കാരണം പറഞ്ഞ് വില 80-100 ലേക്ക് താണു.
മൊത്തവ്യാപാരികൾ ഈ വിലയ്ക്കു മാത്രമേ വാങ്ങാൻ തയാറായുള്ളു. എന്നാൽ, സീസണ് അവസാനിക്കാറായതോടെ വില കൂടുകയായിരുന്നു.
നിലവിൽ മൊത്തവില 110-120 രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. തൊടുപുഴയിലെ പാതയോരങ്ങളിൽ ചില്ലറ വില്പന 230-240 രൂപയ്ക്കാണ് നടക്കുന്നത്. അതേസമയം, റംബുട്ടാനു വിലയിടിക്കാൻ മൊത്തവ്യാപാരികൾ ആസൂത്രിത ശ്രമം നടത്തുന്നതായി കർഷകർ ആരോപിക്കുന്നു. അതിനാൽ കർഷകർ നേരിട്ടു വിപണിയിൽ എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
റബർ വിലയിടിവിനെത്തുടർന്നു നൂറുകണക്കിനു കർഷകരാണ് റംബുട്ടാൻ കൃഷിയിലേക്കു തിരിഞ്ഞത്. ലാഭകരമാണെന്നു കണ്ടതോടെ കൂടുതൽ പേർ ഈ രംഗത്തേക്കു വന്നു. ഇതിനിടെയാണ് വിലയിടിവും പെരുമഴയും വിനയായത്.
വിലയിൽ സ്ഥിരതയില്ലാത്തതാണ് പലരെയും അലട്ടുന്നത്. അതേസമയം, കൃത്യമായ വിപണി കണ്ടെത്തുകയും കയറ്റുമതി കൂട്ടുകയും ചെയ്താൽ റംബുട്ടാന് 200-250 രൂപ വില ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നത്.
ഹോർട്ടികോർപ്പിന്റെ റംബുട്ടാൻ സംഭരണം സ്വാഗതാർഹം
തൊടുപുഴ: വ്യാപക മഴ മൂലം പഴവർഗ വിപണിയിൽ വിലയിടിയുകയും കച്ചവടക്കാർ പിൻവാങ്ങുകയും ചെയ്ത സാഹചര്യത്തിൽ റംബുട്ടാൻ കർഷകർക്കു കൈത്താങ്ങായി കൃഷിമന്ത്രിയുടെ ഇടപെടലിൽ ഹോർട്ടി കോർപ് രംഗത്തെത്തിയതു സ്വാഗതാർഹമാണെന്നു ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ചെയർമാൻ അഡ്വ. ബിജു പറയന്നിലം.

കേരളത്തിൽ വലിയ തോതിൽ റംബുട്ടാൻ, അവക്കാഡോ, മാങ്കോസ്റ്റിൻ, ദുരിയാൻ, പാഷൻ ഫ്രൂട്ട് തുടങ്ങിയ എക്സോട്ടിക് ഫ്രൂട്ട്സ് ഉത്പാദിപ്പിച്ചാൽ മാത്രമേ വലിയ വിപണികൾ തുറക്കപ്പെടൂ.
ഫ്രൂട്ട്സ് സ്റ്റോറേജിന്റെയും ട്രാൻസ്പോർട്ടിംഗിന്റെയും പരിഹാരത്തിനും ഉത്പന്നങ്ങളുടെ ഉത്പാദനത്തിനും കേന്ദ്ര-സംസ്ഥാന സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടായാൽ കേരളം ഫ്രൂട്ട്സ് ക്യഷി കൊണ്ട് സന്പന്നമാകും.
എക്സോട്ടിക് ഫ്രൂട്ട്സ് കൃഷി പ്രോത്സാഹിപ്പിക്കാൻ തൊടുപുഴയിൽ ആരംഭിച്ച ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി വഴി ആരംഭിച്ച റംബുട്ടാൻ സംഭരണം ഇന്നും നാളെയും കിലോയ്ക്ക് 140 രൂപ താങ്ങുവില നിശ്ചയിച്ച് മൂവായിരം കിലോ വീതം ശേഖരിക്കുമെന്നും ബിജു പറയന്നിലം പറഞ്ഞു. യോഗത്തിൽ ഫ്രൂട്ട്സ് വാലി ഡയറക്ടർമാരായ ജോമി മാത്യു, ജോസി കൊച്ചുകുടി, തോമസ് പീടികയിൽ, ചിന്തു ജോസ്, മാനേജർ സജീവ് വടക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.