അഞ്ച് നിയമസഭാ സീറ്റിലും യുഡിഎഫിനെ വിജയിപ്പിക്കും: പ്രഫ. എം.ജെ. ജേക്കബ്
1585368
Thursday, August 21, 2025 6:23 AM IST
കട്ടപ്പന: പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ കബളിക്കുന്ന സംസ്ഥാന സർക്കാരിന്റെ കർഷക - ജനവിരുദ്ധ നയങ്ങൾ മൂലം കഷ്ടപ്പെടുന്ന ജില്ലയിലെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ അഞ്ച് നിയമസഭാ സീറ്റുകളിലും യുഡിഎഫിനെ വിജയപ്പിക്കുമെന്ന് കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് അവകാശപ്പെട്ടു.
ലബ്ബക്കടയിൽ നടന്ന കേരള കോണ്ഗ്രസ് കാഞ്ചിയാർ മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
വായ്പകൾ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ നടക്കുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നും 2026 മാർച്ച് 31 വരെ കാർഷികവായ്പകൾക്ക് പലിശ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും മുൻകാല പലിശ എഴുതിത്തള്ളാൻ ഇടുക്കി പാക്കേജിൽനിന്ന് 2,000 കോടി രൂപ മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്യമൃഗ ശല്യവും തെരുവ്നായ്ക്കളുടെ ശല്യവും പരിഹരിക്കുവാൻ സർക്കാരിനു കഴിയുന്നില്ല. ഭൂപ്രശ്നങ്ങൾ സംബന്ധിച്ച് നൽകിയ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കാൻ സാധിച്ചിട്ടില്ല.
ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനോ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാനോ സർക്കാർ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് സാവിയോ പള്ളിപ്പറന്പിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാരസമിതിയംഗം നോബിൾ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഉന്നതാധികാര സമിതിയംഗം അഡ്വ. തോമസ് പെരുമന ആദ്യകാല പ്രവർത്തകരെ ആദരിച്ചു.
സംസ്ഥാന സെക്രട്ടറി വി.എ. ഉലഹന്നൻ, ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ് ജി. മലയാറ്റ്, കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, ഗ്രാമ പഞ്ചായത്ത് മെംബറും വനിതാ കോണ്ഗ്രസ് ജില്ലാ സെക്രട്ടറിയുമായ സന്ധ്യാ ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.