അടിമാലി ടൗണില്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കണമെന്ന ആവശ്യം ശക്തം
1585365
Thursday, August 21, 2025 6:23 AM IST
അടിമാലി: അടിമാലി ടൗണില്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കണമെന്ന ആവശ്യത്തിന് ശക്തിയാര്‍ജിക്കുന്നു. ടൗണില്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കുകയും കൃത്യമായ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് തോന്നുംപടിയുള്ള വാഹനപാര്ക്കിംഗടക്കം നിയന്ത്രിച്ച് ടൗണിലൂടെയുള്ള വാഹനയാത്രയും കാല്‍നടയാത്രയും ഒരേപോലെ സുഗമമാക്കണമെന്നുമുള്ള ആവശ്യം കാലങ്ങളായി നിലനില്‍ക്കുന്നതാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. ടൗണിലൂടെ കടന്നുപോകുന്ന ഇരു ദേശീയ പാതയോരങ്ങളിലും നോ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലുമൊക്കെ തോന്നുംപടിയുള്ള വാഹന പാര്‍ക്കിംഗ് തുടരുകയാണ്. നടപ്പാതകളില്‍ വരെ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥിതിയാണ്.
ബസ് സ്റ്റാന്‍ഡ്, താലൂക്ക് ആശുപത്രി, പോലീസ് സ്റ്റേഷന് പരിസരത്തുമൊക്കെ വാഹനങ്ങള്‍ തോന്നുംപടി പാര്‍ക്ക് ചെയ്യുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്പിലെ അനധികൃത പാര്‍ക്കിംഗ് വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി മൂന്നാറിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതോടെ അടിമാലി ടൗണില്‍ ഇനിയും തിരക്കേറും.