ഇതിൽ കൂടുതൽ എന്തു കാട്ടാനാ!
1585814
Friday, August 22, 2025 11:33 PM IST
അടിമാലി: അടിമാലി പീച്ചാട് പ്ലാമല മേഖലയില്‍ കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി ജനം. ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിക്കൊമ്പനെ നാടു കടത്തണമെന്നാണ് ആവശ്യം. നടപടിയെടുത്തില്ലെങ്കിൽ സമരം തുടങ്ങും.
കഴിഞ്ഞ ദിവസമാണ് അടിമാലി പീച്ചാടിനു സമീപം പ്ലാമലയിലെ ഏലത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന ഇന്ദിര എന്ന തൊഴിലാളിയെ കാട്ടാന ആക്രമിച്ചത്. ആന ആക്രമിച്ചപ്പോള്‍ പറമ്പിന്റെ താഴ് ഭാഗത്തേക്കു വീണതിനാലാണ് ജീവന് രക്ഷപ്പെട്ടത്. പ്രശ്നം രൂക്ഷമായിട്ടും വനം വകുപ്പ് കൈയും കെട്ടിയിരിക്കുവാണെന്നു നാട്ടുകാർ ആരോപിച്ചു.
എവിടെയും എപ്പോഴും
രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ കാട്ടാന എവിടെയും പ്രത്യക്ഷപ്പെടാമെന്നതാണ് സ്ഥിതി. വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലുമൊക്കെ അപ്രതീക്ഷിതമായി ആന എത്തും. ഇന്ദിരയെ കൂടാതെ പലപ്പോഴായി പലരെയും ആന ഒാടിച്ചിട്ടുണ്ട്. ഭാഗ്യംകൊണ്ടാണ് പലരും രക്ഷപ്പെട്ടത്.
മേഖലയില്‍ 35 ഓളം വീടുകളുണ്ട്. അറുപതിലേറെ ഇതരസംസ്ഥാന തൊഴിലാളികളും മേഖലയില്‍ താമസിച്ചു പണിയെടുക്കുന്നുണ്ട്.
സമാധാനത്തോടെ കിടന്നുറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ. ഏക്കര്‍ കണക്കിനു കൃഷിഭൂമി ഇതിനകം തകർത്തു. അതേസമയം, ആനയെ സ്ഥലത്തുനിന്ന് മാറ്റാനുള്ള നടപടികൾ ആലോചനയിലാണെന്നാണ് വനം ഉദ്യോഗസ്ഥരുടെ ഭാഷ്യം.