മാതാപിതാക്കൾക്കു വഴികാട്ടി പേരന്റിംഗ് ക്ലിനിക്കുകൾ
1586205
Sunday, August 24, 2025 6:16 AM IST
തൊടുപുഴ: കുട്ടികളിലുണ്ടാകുന്ന സ്വഭാവ, വൈകാരിക, സാമൂഹിക, മാനസിക പ്രശ്നങ്ങൾ മനസിലാക്കി പരിഹരിക്കാൻ മാതാപിതാക്കൾക്കു വഴികാട്ടുന്ന പേരന്റിംഗ് ക്ലിനിക്കുകൾ സജീവമായി. വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ക്ലിനിക്കുകൾ കുരുന്നുകളെ ചേർത്തുപിടിച്ച് കുടുംബങ്ങൾക്ക് സാന്ത്വനമാവുകയാണ്. കുട്ടികളിൽ ആത്മഹത്യാ പ്രവണത വർധിച്ച സാഹചര്യത്തിൽ പേരന്റിംഗ് ക്ലിനിക്കുകൾക്കു പ്രസക്തിയേറി. ഒട്ടേറെ പേരാണ് ക്ലിനിക്കുകളിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയത്.
ഏഴായിരത്തിലധികം പേർ
ജില്ലയിൽ എട്ട് പേരന്റിംഗ് ക്ലിനിക്കുകളുണ്ട്. ഇടുക്കി, തൊടുപുഴ, ഇളംദേശം, ദേവികുളം, അടിമാലി, നെടുങ്കണ്ടം, കട്ടപ്പന, അഴുത ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലാണിവ. ഇതുവരെ 7,239 പേർ കൗണ്‍സലിംഗ് ഉപയോഗപ്പെടുത്തി. സർക്കാർ ഹൈസ്കൂളുകളിലെ സൈക്കോ സോഷ്യൽ കൗണ്‍സിലർമാരിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് കൗണ്‍സലിംഗ് നൽകുന്നത്. റഫറൻസ് ആവശ്യമായ കുട്ടികൾക്കു ജില്ലാ റിസോഴ്സ് സെന്ററും ഒരുക്കിയിട്ടുണ്ട്.
ബ്ലോക്ക് തലങ്ങളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ അഞ്ചുവരെയാണ് സേവനം. രണ്ടാം ശനിയാഴ്ചയ്ക്കു പകരം വെള്ളിയാഴ്ച പ്രവർത്തിക്കും. ജില്ലയിലെ 52പഞ്ചായത്തുകളിലും ഒരു ബ്ലോക്കിൽ ഒരു പഞ്ചായത്തിലെന്ന ക്രമത്തിൽ ക്യാന്പുകളും ക്ലാസുകളും നടത്തുന്നുണ്ട്.
വില്ലൻ മൊബൈലും ലഹരിയും
ഇവിടെ സേവനം തേടിയെത്തുന്നവരെ അലട്ടുന്ന പ്രധാന വില്ലൻ ലഹരിയുപയോഗവും അമിത മൊബൈൽ ഫോണ്‍ ഉപയോഗവുമാണെന്നു കൗണ്‍സലർമാർ പറയുന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങളും കൗണ്‍സലിംഗിലൂടെ പുറത്തറിയുന്നുണ്ട്. അത്തരം സംഭവങ്ങളിൽ നിയമനടപടി ഉറപ്പാക്കുന്നുണ്ട്. താമസസൗകര്യം ആവശ്യമാണെങ്കിൽ അതും സജ്ജമാക്കും. ജില്ലയിലെ പട്ടികവർഗ മേഖലകളിലും ക്ലിനിക്കുകൾ സജീവമാണ്. ഇവിടങ്ങളിൽ പ്രത്യേക ക്യാന്പുകളും ക്ലാസുകളും നൽകുന്നുണ്ടെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ വി.ഐ. നിഷ, പറഞ്ഞു.
ക്ലിനിക്കുകളിൽ നടക്കുന്നത്
ജീവിത തിരക്കുകൾക്കിടെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അകൽച്ചയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന തിരിച്ചറിവിലാണ് ക്ലിനിക്കുകളുടെ പ്രവർത്തനം. തിരക്കുപിടിച്ച ജീവിതവും പഠനഭാരവും സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവുമെല്ലാം കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള അകലം വർധിപ്പിക്കുന്നു.
കുട്ടികളുടെ മാനസികാരോഗ്യത്തിന് അടിത്തറയിടേണ്ടത് മാതാപിതാക്കളായതിനാൽ അവർക്കൊപ്പം ചേർന്നു പ്രശ്നങ്ങളറിഞ്ഞു കൈപിടിക്കണം. പേരന്റിംഗ് ക്ലിനിക്കുകളിലെത്തുന്ന മാതാപിതാക്കളെ പരിശീലിപ്പിക്കുന്നതും ഇതാണ്. കുട്ടികളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനൊപ്പം അവ പരിഹരിക്കാൻ മാതാപിതാക്കളെയും പ്രാപ്തരാക്കുകയാണ് ക്ലിനിക്കുകളിലൂടെ ലക്ഷ്യമിടുന്നത്.