ലാളിത്യം മുഖമുദ്ര, നിലച്ചത് തൊഴിലാളികളുടെ ശബ്ദം
1585558
Thursday, August 21, 2025 11:36 PM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ അതിജീവന പോരാട്ടത്തിനു നാലുപതിറ്റാണ്ടായി ചുക്കാൻ പിടിച്ച ജനകീയ നേതാവായിരുന്നു വാഴൂർ സോമൻ എംഎൽഎ. ഇദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് തോട്ടം തൊഴിലാളികളുടെ ശബ്ദമാണ്. കോട്ടയം വാഴൂർ സ്വദേശിയായ ഇദ്ദേഹം തോട്ടം തൊഴിലാളികൾക്കു വേണ്ടി പോരാടാനാണ് പീരുമേട്ടിൽ എത്തിയത്. അക്കാലയളവിൽ മറ്റൊരു തൊഴിലാളി നേതാവായ സി.എ.കുര്യന് മൂന്നാർ മേഖലയുടെ ചുമതല നൽകിയപ്പോഴാണ് പീരുമേട്ടിലേക്ക് ഇദ്ദേഹം എത്തുന്നത്.
തുടർന്ന് അവസാന ശ്വാസം നിലയ്ക്കും വരെ ഇവിടുത്തെ ജനങ്ങളുടെ നൊന്പരങ്ങൾക്ക് പരിഹാരം കാണാനുള്ള പോരാട്ടത്തിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം തിരുവനന്തപുരത്തിനു യാത്രയാകുന്പോഴും മണ്ഡലത്തിലെ നീറുന്ന പ്രശ്നങ്ങളുടെ ഒരുകെട്ട് ഫയലുകളും കൈവശമുണ്ടായിരുന്നു.
അന്നു പീരുമേട് തഹസിൽദാറുടെ ചേംബറിൽ നടന്ന റവന്യൂ ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കുകയും ജീവനക്കാർ ഉന്നയിച്ച വാഹനം, ക്വാർട്ടേഴ്സ് തുടങ്ങിയ ആവശ്യങ്ങൾക്കു പരിഹാരം കണ്ടേ മടങ്ങിവരികയുള്ളൂവെന്ന് ഉറപ്പും നൽകിയിരുന്നു. ഇതോടൊപ്പം മണ്ഡലത്തിൽ ഇനിയും പട്ടയം ലഭിക്കാനുള്ള 806 അപേക്ഷകളിൽ തീർപ്പുണ്ടാക്കാനും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. ബുധനാഴ്ച നടന്ന നിയമസഭ അഷ്വറൻസ് കമ്മിറ്റിയിലും പങ്കെടുത്തിരുന്നു.
യാത്ര ജീപ്പിൽ
പൊതുപ്രവർത്തകനെന്ന നിലയിൽ വേറിട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു വാഴൂർ സോമൻ എംഎൽഎയുടേത്. ലളിത ജീവിതം, സൗമ്യതയോടെയുള്ള ഇടപെടൽ, കഠിനാധ്വാനം തുടങ്ങിയ സ്വഭാവ സവിശേഷതകളിലൂടെ ജനമനസിൽ ഇടംനേടിയ ജനപ്രതിനിധിയായിരുന്നു. 2021-ൽ ബൈപാസിന് വിധേയനായിരുന്നെങ്കിലും വിശ്രമമില്ലാത്ത പൊതുപ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്.
മണ്ഡലത്തിലൂടെയുള്ള യാത്രയിൽ ഇഷ്ടവാഹനമായ ജീപ്പ് സ്വയം ഓടിക്കുന്നത് ഇദ്ദേഹത്തിന്റെ ശീലമായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിനു യാത്രയാകുന്പോഴും ജീപ്പിൽ സഞ്ചരിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും എന്നാൽ മുണ്ടക്കയം കഴിഞ്ഞ് തന്റെ ജീപ്പുമായി വന്നേക്കരുതെന്നു കാനം രാജേന്ദ്രൻ തന്നോട് പറഞ്ഞിട്ടുള്ളതിനാലാണ് കാറിൽ പോകുന്നതെന്നും തമാശ രൂപേണ അദ്ദേഹം പറയുകയും ചെയ്തിരുന്നു.
സ്വപ്നം ബാക്കിവച്ച് മടക്കം
രണ്ടു സ്വപ്നങ്ങൾ ബാക്കിവച്ചാണ് വാഴൂർ സോമൻ ആകസ്മികമായി വിട പറഞ്ഞത്. 25 വർഷമായി പൂട്ടികിടക്കുന്ന പീരുമേട് ടീ കന്പനി തുറന്നുപ്രവർത്തിപ്പിക്കുകയെന്നത് ഇദ്ദേഹത്തിന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. സാധാരണക്കാരുടെ ആശ്രയമായ താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തുകയെന്നതായിരുന്നു മറ്റൊരു സ്വപ്നം ഈ ആവശ്യങ്ങൾ നേടിയെടുക്കാനായി മന്ത്രിമാരുടേയും മുഖ്യമന്ത്രിയുടേയും അടുക്കൽ വാശിപിടിച്ച് സംസാരിക്കാനും ഇദ്ദേഹം തയാറായി. ഇതേത്തുടർന്നു താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്താൻ 42 കോടിയും ആശുപത്രി കെട്ടിടം നിർമിക്കാൻ 82 സെന്റ് സ്ഥലം വാങ്ങാൻ മൂന്നു കോടിയും അനുവദിപ്പിക്കാനും ഇദ്ദേഹത്തിനായി.
കരുതൽ
കൂടെയുള്ളവരോടു കരുതലിന്റെ മാതൃകയാകാനും എപ്പോഴും ശ്രദ്ധിച്ചിരുന്നു. എവിടെ പോയാലും ഒപ്പമുള്ള സഹപ്രവർത്തകരും ജീവനക്കാരും ഭക്ഷണം കഴിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ അദ്ദേഹം ഭക്ഷണം കഴിക്കുമായിരുന്നുള്ളുവെന്നു പേഴ്സണൽ അസിസ്റ്റന്റായ എം. ഗണേശൻ ദീപികയോടു പറഞ്ഞു.
1952-ൽ റേഷൻ നിർത്തലാക്കിയസംഭവത്തെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ തിരുവിതാംകൂർ പോലീസിന്റെ പശുമല വെടിവയ്പ്പ് സംഭവത്തിൽ തന്റെ മുത്തച്ചൻ കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമായി അറിയാവുന്നതിനാലാണ് പീരുമേട് താലൂക്ക് സപ്ലൈ ഓഫീസറായിരുന്നതന്നെ ഡെപ്യൂട്ടേഷനിൽ പേഴ്സണൽ അസിസ്റ്റന്റായി നിയമിച്ചതെന്നു എംഎൽഎ പലപ്പോഴും പറയുമായിരുന്നുവെന്നും ഗണേശൻ വ്യക്തമാക്കി.