അനുശോചിച്ചു
1585560
Thursday, August 21, 2025 11:36 PM IST
കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി: പീരുമേട് എംഎൽഎ വാഴൂർ സോമന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളെ കൃതജ്ഞതാപൂർവം സ്മരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതയുമായി അടുത്ത സൗഹൃദം പുലർത്തിയ വ്യക്തിയാണ് വാഴൂർ സേമൻ. സൗമ്യമായ ഇടപെടലുകളിലൂടെയും ലളിതമായ ജീവിത ശൈലിയിലൂടെയും ജനജീവിതത്തോട് അദ്ദേഹം ചേർന്നുനിന്നു. ജനക്ഷേമ പദ്ധതികളാവിഷ്കരിച്ച് നടപ്പാക്കുന്നതിന് യത്നിച്ച വ്യക്തിയെന്ന നിലയിൽ മലയോരജനത ആദരവോടെ സ്മരിക്കുന്ന രാഷ്ട്രീയ നേതാവാണ് വാഴൂർ സോമനെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
മലയോര ജനതയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിന് സന്മസോടെ പങ്കാളിയായ വാഴൂർ സോമന്റെ പ്രവർത്തനങ്ങളെയും വ്യക്തിപരമായ സൗഹൃദത്തെയും ഹൃദയപൂർവം സ്മരിക്കുന്നുവെന്നും കാഞ്ഞിരപ്പള്ളി രൂപത മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പറഞ്ഞു.
വാഴൂർ സോമന്റെ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്ത്തകരുടെയും ദുഃഖത്തില് പങ്കുചേരുന്നതായും മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയക്കലിനൊപ്പം രൂപത കുടുംബത്തിന്റെ പ്രാർഥന വാഗ്ദാനം ചെയ്യുന്നതായും മാർ ജോസ് പുളിക്കൽ അറിയിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ
തൊടുപുഴ: എക്കാലവും തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി ശബ്ദമുയർത്തിയിരുന്ന സൗമ്യനായ നേതാവായിരുന്നു വാഴൂർ സോമൻ എംഎൽഎയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ അവസാന ശബ്ദവും തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു. മന്ത്രി കെ. രാജൻ വിളിച്ചുചേർത്ത യോഗത്തിൽ പീരുമേട് മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി അദേഹം നിർദേശങ്ങൾ മുന്നോട്ടുവച്ചു.
സത്രം എയർ സ്ട്രിപ്പ് സംബന്ധിച്ച വനംവകുപ്പുമായുള്ള തർക്കങ്ങൾ പരിഹരിക്കണമെന്നും എയർ സ്ട്രിപ്പ് പ്രവർത്തന സജ്ജമാക്കണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിനും പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികൾക്കും അദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും മന്ത്രി പറഞ്ഞു.
ഡീൻ കുര്യാക്കോസ് എംപി
തൊടുപുഴ: വാഴൂർ സോമൻ എംഎൽഎയുടെ നിര്യാണത്തിൽ ഡീൻ കുര്യാക്കോസ് എംപി ദുഃഖം രേഖപ്പെടുത്തി. തന്റെ ജീവിതം പൂർണമായും സംഘടനയ്ക്കും നാടിനുമായി സമർപ്പിച്ച വ്യക്തിയാണ് അദ്ദേഹം. തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കായി അടിയുറച്ചുനിന്ന അദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനത്തിന്റെ നാൾവഴിയിൽ അതിക്രൂരമായ മർദനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കർമമണ്ഡലത്തിൽ സജീവമായി നിൽക്കുന്പോൾ ഉണ്ടായ വേർപാട് അതീവ ദുഃഖകരമാണെന്ന് ഡീൻ പറഞ്ഞു.
പി.ജെ. ജോസഫ് എംഎൽഎ
തൊടുപുഴ: സ്നേഹസമ്പന്നനായ ജനപ്രതിനിധി ആയിരുന്നു വാഴൂർ സോമൻ എംഎൽഎ എന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ . ജനങ്ങളോടുള്ള പ്രതിബദ്ധത വിളിച്ചറിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. അദ്ദേഹത്തിന്റെ അകാലവിയോഗത്തിൽ അനുശോചിക്കുന്നു.
കേരള കോണ്ഗ്രസ് -എം
ചെറുതോണി: തോട്ടം മേഖലയിലെ പ്രശ്ങ്ങൾ പരിഹരിക്കുന്നത്തിനായി അരനൂറ്റാണ്ട് കാലമായി ട്രേഡ് യൂണിയൻ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന വാഴൂർ സോമൻ എംഎൽഎയുടെ വിയോഗം തീരാനഷ്ടമാണെന്ന് കേരള കോണ്ഗ്രസ് -എം ജില്ലാ കമ്മിറ്റി.
രാഷ്ട്രീയയതിന് അതീതമായി വ്യക്തിബന്ധം എന്നും കാത്തുസൂക്ഷിച്ചിരുന്നെന്നും ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.
സിപിഎം ജില്ലാ കമ്മിറ്റി
ചെറുതോണി: തൊഴിലാളിവർഗ മുന്നേറ്റത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കരുത്തുറ്റ ട്രേഡ് യൂണിയൻ നേതാവായിരുന്നു വാഴൂർ സോമൻ എന്ന് സിപിഎം ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ഒരു പുരുഷായുസ് മുഴുവൻ തൊഴിലാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി മാറ്റിവച്ച ഉത്തമാനായ കമ്യൂണിസ്റ്റ് ആയിരുന്നു വാഴൂർ സോമൻ.
ജില്ലയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിൽ ഇടതുപക്ഷ ഐക്യം ഉറപ്പിക്കുന്നതിനും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി ഉൾക്കൊണ്ട് ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിലും തികഞ്ഞ ജാഗ്രതയോടെ പ്രവർത്തിച്ചുകൊണ്ടിരുന്നു.
സിപിഐ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് സിപിഎം ജില്ലാ കമ്മിറ്റിയുടെയും പ്രവർത്തകരുടെയും പേരിലുള്ള അഗാധമായ ദുഃഖവും അനുശോധനവും അറിയിക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.