ഒാണക്കളങ്ങൾ നിറയ്ക്കാൻ പൂപ്പാടങ്ങൾ ഒരുങ്ങി
1585825
Friday, August 22, 2025 11:33 PM IST
ടി.പി. സന്തോഷ്കുമാർ
തൊടുപുഴ: ഓണത്തിന് കേരളത്തിലേക്കു പൂക്കൾ എത്തിക്കാൻ അന്യ സംസ്ഥാനങ്ങളിലെ പൂപ്പാടങ്ങൾ ഒരുങ്ങി. ഓണക്കാലം തമിഴ്നാട്ടിലെയും കർണാടകയിലെയും പൂ കർഷകർക്ക് ചാകരക്കാലമാണ്. വിവാഹ സീസണ്‍കൂടി കണക്കിലെടുത്ത് ഇപ്പോൾത്തന്നെ വിപണിയിൽ പൂവില ഉയർന്നുതുടങ്ങി.
ഓണവിപണിക്കായി തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തോവാള, തേനി ജില്ലയിലെ ശീലയം പെട്ടി, മധുരയിലെ മാട്ടുത്താവണി, കോയന്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ് കൂടുതലായി പൂക്കളെത്തുന്നത്.
ഇതിനു പുറമേ കർണാടകയിലെ ഗുണ്ടൽപേട്ട്, ഹൊസൂർ, ബംഗളൂരു എന്നിവിടങ്ങളിലെ പൂപ്പാടങ്ങളിലും വൻതോതിൽ പൂക്കളുടെ കൃഷിയും വിപണനവും നടക്കുന്നുണ്ട്. വിവിധ തരത്തിലുള്ള പൂക്കളാണ് നൂറു കണക്കിന് ഏക്കർ സ്ഥലത്തു കൃഷി ചെയ്യുന്നത്.
ഇരട്ടി വില
ശീലയംപെട്ടി മാർക്കറ്റിൽ ചെണ്ടുമല്ലി ഇപ്പോൾ കിലോയ്ക്ക് 100 രൂപയ്ക്കു ലഭിക്കും. എന്നാൽ, കേരളത്തിൽ 200 രൂപയാണ് വില. തമിഴ് നാട്ടിലെ പൂ മാർക്കറ്റിൽ ഓരോ മണിക്കൂറിലും വിലയിൽ വ്യതിയാനമുണ്ടാകും. ഈ പൂക്കൾ കേരളത്തിലെത്തുന്പോൾ വില ഇരട്ടിയാകും.
കർഷകരിൽനിന്നു കുറഞ്ഞ വിലയ്ക്കെടുക്കുന്ന പൂക്കൾ ഇടനിലക്കാർ മുഖേന എത്തുന്പോഴാണ് വില കുതിക്കുന്നത്. തമിഴ്നാടിന്റെ അതിർത്തി ജില്ലകളിൽനിന്ന് ഒട്ടേറെ വാഹനങ്ങളിൽ കേരളത്തിലേക്കു പൂക്കൾ കയറ്റി അയയ്ക്കുന്നുണ്ട്.
അത്തം മുതൽ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പൂക്കളുടെ കച്ചവടം നടക്കുന്ന സമയമാണ് ഓണക്കാലം. അത്തം മുതൽ തിരുവോണം വരെ പൂക്കൾ വാങ്ങാനായി ആവശ്യക്കാരേറും. സ്ഥാപനങ്ങളിൽ അലങ്കാരത്തിനും പൂക്കളമിടാനുമാണ് ഏറ്റവും ആവശ്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ അത്തം മുതൽ പൂക്കളമൊരുക്കിത്തുടങ്ങും.
ഇതിനു പുറമേ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൂക്കള മത്സരങ്ങളും നടക്കും. ചിങ്ങത്തിലെ വിവാഹസീസണ് കൂടിയാകുന്നതോടെ ആവശ്യക്കാരേറും.
കേരളത്തിലും
കേരളത്തിൽ ഇപ്പോൾ പല ജില്ലകളിലും പ്രാദേശികമായി ജമന്തിയും മറ്റും കൃഷി ചെയ്തു വരുന്നുണ്ട്.
പലരും മട്ടുപ്പാവിൽ പൂക്കൃഷി നടത്തുന്നുണ്ട്. ഇതിനു പുറമേ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തിലും പൂക്കൃഷിയുണ്ട്.
പൂക്കളമൊരുക്കാനുള്ള തുന്പയും തുളസിയും മുക്കുറ്റിയും കാക്കപ്പൂവും പോലെയുള്ള നാട്ടുപൂക്കൾ അന്യമായതോടെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പൂക്കൾക്ക് ആവശ്യക്കാരേറിയത്.
ജമന്തിയാണ് താരം
ഒാണക്കാലത്ത് ആവശ്യക്കാർ ഏറെയുള്ളത് ചെണ്ടുമല്ലി, ജമന്തി, റോസ്, അരളി, മുല്ല, വാടാമുല്ല, കോഴിപ്പൂവ് തുടങ്ങിയവയ്ക്കാണ്. നിലവിൽ ചെണ്ടുമല്ലി -200-220, ജമന്തി- 400-450, വാടാമുല്ല-250, കോഴിപ്പൂവ്-250, ബട്ടണ്‍ റോസ് -400 എന്നിങ്ങനെയാണ് വില്പന വില.
മുല്ലപ്പൂവിന് ഓരോ ദിവസവും വ്യത്യസ്ത വിലയാണ്. ഒരു മുഴം മുല്ലൂപ്പൂവിന് 45-50 രൂപയാണ് കച്ചവടക്കാർ ഈടാക്കുന്നത്.
ചിങ്ങം ഒന്നിന് തൊടുപുഴ മാർക്കറ്റിൽ 70 രൂപയായിരുന്നു ഒരു മുഴം മുല്ലപ്പൂവിന്റെ വില.