കട്ടപ്പനയിൽ മർച്ചന്റ്സ് അസോ. ഓണാഘോഷം
1585820
Friday, August 22, 2025 11:33 PM IST
കട്ടപ്പന: മർച്ചന്റ്സ് അസോസിയേഷനും കട്ടപ്പന പൗരാവലിയും വിവിധ സാംസ്കാരിക സംഘടനകളും ചേർന്നു വിപുലമായ ഓണാഘോഷം സംഘടിപ്പിക്കും. 26ന് അത്തം നാളിൽ വർണശബളമായ സാംസ്കാരിക ഘോഷയാത്ര നടത്തും. ടൗണ്‍ഹാൾ പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ ഫ്ലാഗ് ഓഫ് ചെയ്യും.
പുലികളിയുടെയും വാദ്യമേളങ്ങളുടെയും നാടൻ കലാ രൂപങ്ങളുടെയും അകന്പടിയോടെ വൈകുന്നേരം നാലിന് ആരംഭിക്കുന്ന ഘോഷയാത്ര മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.
കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് അധ്യക്ഷത വഹിക്കും. എം.എം. മണി എംഎൽഎ മുഖ്യ പ്രഭാഷണവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഓണസന്ദേശവും നൽകും.
ഒന്നര മാസം നീണ്ടുനിൽക്കുന്ന ഓണോത്സവത്തിന്റെ ഭാഗമായി സമ്മാന കൂപ്പണുകൾ വിതരണം ചെയ്യും. നറുക്കെടുപ്പിലെ വിജയികൾക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങളായി 50,000, 25,000 രൂപ വീതം സമ്മാനിക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, ജനറൽ സെക്രട്ടറി പി.കെ. ജോഷി, വർക്കിംഗ് പ്രസിഡന്റ് സിജോമോൻ ജോസ്, വൈസ് പ്രസിഡന്റ് ബൈജു വെന്പേനി, എച്ച്എംടിഎ ട്രഷറർ ലൂക്കാ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.