അവശത മറന്ന് കണ്ണംപടി ആദിവാസി കോളനിയിൽ
1585559
Thursday, August 21, 2025 11:36 PM IST
തൊടുപുഴ: ശാരീരികമായ അവശത ഉണ്ടായിരുന്നെങ്കിലും വാഴൂർ സോമൻ എംഎൽഎ ദുർഘട പാത താണ്ടി ഏതാനും ദിവസങ്ങൾക്കു മുന്‍പ് കണ്ണംപടി ആദിവാസി മേഖലയിലെത്തി. ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി ട്രൈബൽ സെറ്റിൽമെന്റിൽ ഉൾപ്പെടുന്ന കൊല്ലത്തിക്കാവ്, മേമാരി, കത്തിതേപ്പൻ ഉന്നതികളിൽ ആരംഭിച്ച വായനശാലകളുടെ ഉദ്ഘാടനം നിർവഹിക്കാനാണ് അദ്ദേഹം ജൂണ്‍ 28ന് ഇവിടെയെത്തിയത്.
പീരുമേട് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ആദിവാസി മേഖലയാണ് ഉപ്പുതറ പഞ്ചായത്തിലെ കണ്ണംപടി. ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷന്റെ നേതൃത്വത്തിൽ ഒരുക്കിയ വായനശാലയാണ് വാഴൂർ സോമൻ ഗോത്ര ജനതയ്ക്കായി തുറന്നു നൽകിയത്. ജൂണ്‍ 18ന് വായനാ ദിനത്തോടനുബന്ധിച്ച് വായനശാല തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, അദ്ദേഹം ആ സമയം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എന്നാൽ, ഞാൻ തന്നെയെത്തി വായനശാല തുറക്കാം എന്ന അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള നിർദേശം വനം ഉദ്യോഗസ്ഥരും ഉൗരു മൂപ്പൻമാരും സമ്മതിക്കുകയായിരുന്നു. തുടർന്നാണ് ഏതാനും ദിവസങ്ങൾ കഴിഞ്ഞ് അദ്ദേഹം നേരിട്ടെത്തി വായനശാല ഇവർക്കായി സമർപ്പിച്ചത്. കൂടാതെ മിഷൻ ഫുഡ്ഫോഡർ ആൻഡ് വാട്ടർ പദ്ധതിയുടെ ഭാഗമായി വിത്തൂണിന്റെ ഉദ്ഘാടനവും നടത്തി. മേഖലയിൽ മുടങ്ങി കിടക്കുന്നതും പുതുതായി നടപ്പാക്കാനുള്ള പദ്ധതികളും സംബന്ധിച്ച് ആദിവാസി മൂപ്പൻമാരും വനം ഉദ്യോഗസ്ഥരുമായി സംവദിച്ചാണ് അദ്ദേഹം മടങ്ങിയത്.