പാറമടയ്ക്കെതിരേ സദ്യ കല്ലും മണ്ണും
1586203
Sunday, August 24, 2025 6:16 AM IST
തൊടുപുഴ: ആലക്കോട് പഞ്ചായത്തിൽ 11-ാം വാർഡിൽ പ്രവർത്തിക്കുന്ന പാറമടയുടെ പ്രവർത്തനം മൂലം സമീപത്തുള്ള നിരവധി വീടുകൾക്ക് വിള്ളലും നാശനഷ്ടവും ഉണ്ടാകുന്നതായി പ്രദേശവാസികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പാറമട മൂലം ജലസ്രോതസ് വറ്റിവരണ്ടിരിക്കുകയാണ്. പുകയും പൊടിപടലങ്ങളും മൂലം കുട്ടികൾ ഉൾപ്പെടെ ദുരിതത്തിലാണ്. ഇതു സംബന്ധിച്ച് പഞ്ചായത്ത് പൊല്യൂഷൻ കണ്ട്രോൾ ബോർഡ്, ജിയോളജി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിട്ടും നപടിയുണ്ടായിട്ടില്ല. പാറപൊട്ടിക്കുന്ന പ്രദേശത്ത് ദിശാബോർഡ് സ്ഥാപിക്കുക, സ്ഫോടന സമയം സംബന്ധിച്ച അലാറം മുഴക്കുക തുടങ്ങിയ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
രാവിലെ ഏഴിനുമുന്പും വൈകുന്നേരം അഞ്ചിനു ശേഷവും പാറപൊട്ടിക്കൽ ഒഴിവാക്കണമെന്ന നിയമവും ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് ഇവർ കുറ്റപ്പെടുത്തി. പാറയ്ക്കു ചുറ്റും ബഫർസോണ്‍ നിലനിർത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
നാട്ടുകാരുടെ പരാതികളിൽ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് 26ന് അത്തംനാളിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ വാഴയിലയിൽ കല്ലും മണലും ചെളിയും ചേറും ചിരട്ടയിൽ വെള്ളവും ഉപയോഗിച്ച് സദ്യവിളന്പി പ്രതീകാത്മക പ്രതിഷേധം നടത്തുമെന്നും ഇവർ അറിയിച്ചു.
പത്രസമ്മേളനത്തിൽ കണ്‍വീനർ കെ.ആർ. വിജയൻ, ജോയിന്റ് കണ്‍വീനർ ജോസ് കുന്നേൽ, പൗലോസ് പുലക്കുടിയിൽ എന്നിവർ പങ്കെടുത്തു.