സ്വർണപ്പണയ തട്ടിപ്പ്; ബാങ്ക് മാനേജർ പിടിയിൽ
1586208
Sunday, August 24, 2025 6:16 AM IST
കട്ടപ്പന: സ്വർണപ്പണയത്തിൽ തട്ടിപ്പു നടത്തി 50 ലക്ഷം രൂപ അപഹരിച്ച സ്വകാര്യ ബാങ്ക് മാനേജർ പോലീസ് പിടിയിലായി. വണ്ടിപ്പെരിയാർ വള്ളക്കടവ് ഇടപറന്പിൽ ഇ.ആർ. രാജേഷാണ് പിടിയിലായത്. ഇയാളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രാജേഷ് 2009 മുതൽ മാനേജരായി ജോലി ചെയ്തുവന്നിരുന്ന മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സിന്റെ അണക്കര ബ്രാഞ്ചിലാണ് വൻ തട്ടിപ്പ് നടന്നത്. പുതിയ മാനേജർ ജോലിയിൽ പ്രവേശിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. സ്ഥാപനത്തിന്റെ സോണൽ മാനേജരുടെ പരാതിയെത്തുടർന്ന് വണ്ടൻമേട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേഷ് പിടിയിലായത്. തട്ടിപ്പ് പുറത്തായതോടെ നിരവധി പേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ധനകാര്യസ്ഥാപനത്തിൽ സ്വർണം പണയം വയ്ക്കാൻ എത്തിയവർക്കു വ്യാജ രസീത് നൽകി പണവും സ്വർണ ഉരുപ്പടികളും കൈപ്പറ്റി തട്ടിപ്പു നടത്തുകയായിരുന്നു.
ഇയാൾ തട്ടിയെടുത്ത സ്വർണ ഉരുപ്പടികൾ മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ചതായും വിൽപന നടത്തിയതായും കണ്ടെത്തി. ഇപ്രകാരം ഇയാൾ പണയംവച്ച ഏഴ് പവൻ സ്വർണം പുറ്റടിയിൽ പ്രവർത്തിക്കുന്ന മറ്റൊരു ധനകാര്യ സ്ഥാപനത്തിൽനിന്നു കണ്ടെത്തിയെന്നു പോലീസ് പറഞ്ഞു.
ഇടുക്കി പോലീസ് ചീഫിന്റെ നിർദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോൻ, വണ്ടൻമേട് സിഐ എ. ഷൈൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐമാരായ ബിനോയി ഏബ്രഹാം, ഡി. പ്രകാശ്, സിപിഒമാരായ എൻ. ജയൻ, ആർ. ജയ്മോൻ, കൃഷ്ണകുമാർ, ആർ. അഭിലാഷ്, ഡി. രാജേഷ്മോൻ, ബിനുമോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.