ആർമി റിക്രൂട്ട്മെന്റ് റാലിക്ക് മുന്നൊരുക്കം
1586209
Sunday, August 24, 2025 6:16 AM IST
ഇടുക്കി: നെടുങ്കണ്ടം ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ പത്തു മുതൽ 16 വരെ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഉദ്യോഗാർഥികൾക്കായാണ് റിക്രൂട്ട്മെന്റ് റാലി. ഏഴ് ജില്ലകളിൽനിന്നായി 4,000 ഉദ്യോഗാർഥികൾ റാലിയിൽ പങ്കെടുക്കും. 120 ആർമി ഉദ്യോഗസ്ഥർക്കാണ് റിക്രൂട്ട്മെന്റ് റാലിയുടെ നടത്തിപ്പ് ചുമതല.
ഉടുന്പൻചോല തഹസിൽദാരുടെ ചേംബറിൽ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തയാറെടുപ്പുകൾ അവലോകനം ചെയ്തു.
സ്റ്റേഡിയം സന്ദർശിച്ചു
റാലിക്കെത്തുന്ന ഉദ്യോഗാർഥികൾക്കായി കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും.
സബ് കളക്ടർ അനൂപ് ഗാർഗ്, ഉടുന്പൻചോല തഹസിൽദാർ കെ.ആർ. ജോണ് പ്രിൻസ്, ആർമി റിക്രൂട്ടിംഗ് ഓഫീസർ പ്രദീപ്, ജൂണിയർ സൂപ്രണ്ട് ഗോപകുമാർ, സീനിയർ ക്ലർക്ക് ബി.അജി എന്നിവരുടെ നേതൃത്വത്തിൽ റിക്രൂട്ട്മെന്റ് നടക്കുന്ന നെടുങ്കണ്ടം ഹൈആൾട്ടിറ്റ്യൂഡ് സിന്തറ്റിക് സ്റ്റേഡിയം സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി.
ആർമി ഓഫീസർമാർക്കു താമസ സൗകര്യം ഒരുക്കുന്ന നെടുങ്കണ്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും സന്ദർശിച്ചു. താമസസ്ഥലത്ത് ഒരുക്കേണ്ട സൗകര്യങ്ങളും വാഹനപാർക്കിംഗ് സൗകര്യങ്ങളും സംഘം വിലയിരുത്തി.
പൊതുമരാമത്ത്, വൈദ്യുതി, ആരോഗ്യം, ജലഅഥോറിട്ടി, പോലീസ്, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.