വാഴൂർ സോമന്റെ വിയോഗം ജനഹൃദയങ്ങളിൽ മുറിവേൽപ്പിച്ചു
1585816
Friday, August 22, 2025 11:33 PM IST
വണ്ടിപ്പെരിയാർ: വാഴൂർ സോമൻ എംഎൽഎയുടെ വിയോഗം ജനഹൃദയത്തിലേറ്റ മുറിപ്പാടാണെന്ന് പീരുമേട് പാന്പനാർ ജംഗഷനിൽ ചേർന്ന അനുശോചന യോഗം. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും അനുശോചന യോഗത്തിൽ പങ്കെടുത്തു.
കക്ഷി രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് വാഴൂർ സോമൻ നയിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അനുസ്മരിച്ചു. ജില്ലയിലെ ഭൂപ്രശ്നങ്ങളിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മോചനത്തിനുമായി എന്നും ശബ്ദമുയർത്തിയ നേതാവാണ് വാഴൂർ സോമനെന്ന് എം.എം. മണി എംഎൽഎ അനുസ്മരിച്ചു.
വാഴൂർ സോമൻ ഉയർത്തിപ്പിടിച്ച ലക്ഷ്യങ്ങൾക്കായി ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന റവന്യു അസംബ്ലിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അനന്തമായി നീളുന്നതിലുള്ള ആശങ്ക അദ്ദേഹം പങ്കുവെച്ചെന്നും മന്ത്രി അനുസ്മരിച്ചു.
മന്ത്രി പി. പ്രസാദും വാഴൂർ സോമനെ അനുസ്മരിച്ചു. സി.കെ. ആശ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, മുൻ എംപി അഡ്വ. ജോയ്സ് ജോർജ്, ബിനോയ് വിശ്വം, കെ. സലിംകുമാർ, അഡ്വ.ഇ.എം. അഗസ്തി, മുൻ മന്ത്രിമാരായ കെ. പ്രകാശ് ബാബു, കെ.പി. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.