തോട്ടം മേഖലയുടെ തോഴൻ
1585561
Thursday, August 21, 2025 11:36 PM IST
പീരുമേട്: കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശിയായിരുന്ന സോമൻ പ്രവർത്തന മേഖലകൾ മാറിയിട്ടും ജന്മദേശത്തെ പേരിൽനിന്ന് ഒഴിവാക്കിയില്ല. കോട്ടയം ജില്ലയിൽ എഐവൈഎഫ് പ്രസ്ഥാനത്തിന്റെ ഭാഗമായി വർത്തിച്ചുവന്ന വാഴൂർ സോമനെ ട്രേഡ് യൂണിയൻ പ്രവർത്തനത്തിനായി പീരുമേട്ടിലേക്കയച്ചത് ട്രേഡ് യൂണിയൻ നേതാവായിരുന്ന സി.എ. കുര്യനാണ്.
പീരുമേട്ടിൽ തേയിലത്തോട്ടത്തിലെ ഉദ്യോഗസ്ഥനായിരുന്ന ജ്യേഷ്ഠൻ നടത്തിവന്ന റേഷൻ കടയിലെ സഹായിയായിനിന്നും ജ്യേഷ്ഠനൊപ്പം താമസിച്ചും പീരുമേട്ടിലെ തോട്ടംതൊഴിലാളികളുടെ ക്ലേശകരമായ ജീവിത സാഹചര്യങ്ങൾ കണ്ടും കേട്ടും മനസിലാക്കി.
വാഴൂർ സോമൻ എംഎൽഎയുടെ വേർപാട് തോട്ടം മേഖലയ്ക്കു കനത്ത നഷ്ടമാണ്. കഴിഞ്ഞ 50 വർഷമായി തോട്ടം മേഖലയിലെ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ അദ്ദേഹം ഇടപെട്ടിരുന്നു.
സഹോദരനൊപ്പം താമസം
1972ൽ പീരുമേട്ടിലെത്തിയ വാഴൂർ സോമൻ ഗ്ലെൻമേരി എസ്റ്റേറ്റിൽ ഫീൽഡ് ഓഫീസർ ആയിരുന്ന സഹോദരൻ കെ.പി. ദാസുമൊന്നിച്ചായിരുന്നു താമസം. അവിടെനിന്നു പീരുമേട് ഓഫീസിൽ എത്തി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
എഐഎസ്എഫ്ന്റെയും എഐവൈഎഫിന്റെയും നേതൃനിരയിൽ പ്രവർത്തിച്ചു. തുടർന്നാണ് തോട്ടം തൊഴിലാളി മേഖലയിൽ സജീവമാകുന്നത്. മുൻ ഡെപ്യൂട്ടി സ്പീക്കർ സി.എ. കുര്യൻ 1977ലും 1980ലും മത്സരിക്കുന്പോൾ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു.
ആദ്യമായി നിയമസഭയിൽ
സോമൻ 2021ലാണ് ആദ്യമായി നിയമസഭയിലേക്കു മത്സരിക്കുന്നത്. 1,720 വോട്ടുകൾക്കു കോണ്‍ഗ്രസിലെ അഡ്വ. സിറിയക് തോമസിനെയാണ് പരാജയപ്പെടുത്തിയത്.
അന്തരിച്ച മുൻ എംഎൽഎ കെ.കെ. തോമസിന്റെ മകനാണ് സിറിയക്. കെ.കെ. തോമസും വാഴൂർ സോമനും തൊഴിലാളി യൂണിയൻപ്രവർത്തനത്തിൽ സമകാലികരായിരുന്നു.