കഞ്ഞിക്കുഴിയിൽ പന്നിപ്പനി സ്ഥിരീകരിച്ചു
1586197
Sunday, August 24, 2025 6:16 AM IST
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു. തട്ടേക്കണ്ണി വഞ്ചിക്കലിൽ സ്വകാര്യ വ്യക്തി നടത്തുന്ന പന്നി ഫാമിലെ രണ്ടു പന്നികൾ പനിബാധിച്ച് ചത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
ഇതിേത്തുടർന്ന് ഫാം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പന്നികളെ വളർത്തുന്നതും വിൽക്കുന്നതും മൃഗസംരക്ഷണ വകുപ്പ് നിരോധിച്ചു. ഫാമിൽ ഉണ്ടായിരുന്ന 120 പന്നികളെ ഫാം ഉടമ തന്നെ കൊന്നു കുഴിച്ചിട്ടു. പന്നികൾ പനി ബാധിച്ച ചത്തതോടെ സംശയം തോന്നി തിരുവനന്തപുരത്തുള്ള ലാബിലും കേന്ദ്രസർക്കാരിന്റെ ഭോപ്പാലിലുള്ള ലാബിലും സാമ്പിളുകൾ പരിശോധനക്കയച്ചിരുന്നു.
കഴിഞ്ഞ ദിവസം റിസൽട്ട് ലഭിച്ചപ്പോഴാണ് ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഈ രോഗത്തിന് നിലവിൽ വാക്സിനുകളോ മരുന്നുകളോ ലഭ്യമല്ല. ഇത് പന്നി കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു.
ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ കൊന്നൊടുക്കാൻ നടപടി ആരംഭിച്ചു. 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.