റിസറക്ഷൻ പള്ളിയുടെ ശതാബ്ദി ജൂബിലിയാഘോഷം ഇന്ന്
1586206
Sunday, August 24, 2025 6:16 AM IST
വണ്ടിപ്പെരിയാർ: ബ്രിട്ടീഷ് ആധിപത്യകാലത്ത് വണ്ടിപ്പെരിയാറിൽ സ്ഥാപിതമായ റിസറക്ഷൻ സിഎസ്ഐ ദേവാലയത്തിന്റെ ശതാബ്ദി ജൂബിലി ആഘോഷ സമാപനവും സ്തോത്ര ആരാധനയും സ്വീകരണ ശുശ്രൂഷയും ബൈബിൾ റാലിയും ഇന്ന് നടക്കും.
1924 ഓഗസ്റ്റ് 24നാണ് ദേവാലയം സ്ഥാപിതമായത്. രാവിലെ 7.30ന് ആരാധന, വിശുദ്ധ സംസർഗ ശുശ്രൂഷ, 10.30ന് ബൈബിൾറാലി കക്കിക്കവലയിൽനിന്നു ദേവാലയ അങ്കണത്തിലേക്ക്, 11:30ന് ശതാബ്ദി ജൂബിലി സമാപന പൊതുസമ്മേളനം ദേവാലയത്തിൽ. ബിഷപ് റവ. വി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിൽ 80ന് മുകളിൽ പ്രായമുള്ള സഭാ അംഗങ്ങളെയും മുൻകാല ശുശ്രൂഷകരെയും ആദരിക്കും. മുൻ ബിഷപ് റവ.ഡോ. കെ. ജി. ദാനിയൻ, വൈദിക സെക്രട്ടറി റവ. ടി.ജെ. ബിജോയ് തുടങ്ങിയവരും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് ഇടവക വികാരി റവ. ഡോ. കെ.ഡി. ദേവസ്യ, സെക്രട്ടറി എസ്.പി. സെൽവിൻ, എസ്. യേശുരാജ്, ജെ. തോമസ് വർഗീസ് എന്നിവർ അറിയിച്ചു.