അൽ അസ്ഹർ കോളജിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം
1585554
Thursday, August 21, 2025 11:36 PM IST
തൊടുപുഴ: അൽ അസ്ഹർ ലോ കോളജിൽ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-കെഎസ്യു സംഘർഷം. ആക്രമണത്തിൽ ഏഴു കെഎസ്യു പ്രവർത്തകർക്ക് പരുക്കേറ്റു. വൻ പോലീസ് സംഘം സ്ഥലത്തെത്തിയാണ് രാത്രി വൈകി സ്ഥിതിഗിതകൾ ശാന്തമാക്കിയത്. സംഘർഷത്തെത്തുടർന്ന് ഫലപ്രഖ്യാപനം നീട്ടിവച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഘർഷം ആരംഭിച്ചത്.
ലോ കോളജിലെ കെഎസ്യു പ്രവർത്തകരായ അമൃത ജ്യോതി, ആൽഫിയ, ഫിത, മുംതാസ്, ഇർഫാന, അജയ്, ആദിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ കോളജിൽ നടന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 28 സീറ്റിൽ 20 എണ്ണവും കെഎസ്യു നേടിയതായി നേതാക്കൾ പറഞ്ഞു.
നാല് വർഷമായി എസ്എഫ്ഐ കൈയാളിയിരുന്ന യൂണിയൻ ഭരണം കെഎസ്യു തിരിച്ചുപിടിച്ചതിലുള്ള അമർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർ സംഘടിതമായി പെണ്‍കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നെന്ന് നേതാക്കൾ ആരോപിച്ചു.
ഇതേത്തുടർന്ന് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ സാധിച്ചില്ല. കെഎസ്യു പ്രവർത്തകരെ കോളജിൽനിന്ന് പുറത്തിറങ്ങാൻ പോലും അനുവദിക്കാതെ ഉള്ളിൽ തടഞ്ഞു വയ്ക്കുകയായിരുന്നു. ഇവരെ രാത്രിയോടെ പോലീസെത്തിയാണ് മോചിപ്പിച്ചത്.