വയോധികയുടെ ദേഹത്ത് ബസ് കയറിയിറങ്ങി
1585556
Thursday, August 21, 2025 11:36 PM IST
വണ്ണപ്പുറം: സ്റ്റാൻഡിൽനിന്ന് ഇറങ്ങിവന്ന സ്വകാര്യ ബസ് വയോധികയുടെ ദേഹത്തുകൂടി കയറിയിറങ്ങി. വണ്ണപ്പുറം അന്പലപ്പടി സ്റ്റാൻഡിൽ ഇന്നലെ രാവിലെ ഒൻപതോടെയാണ് അപകടം. ഒറകണ്ണി ചെറ്റയിൽ ലീല (80)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ തുടയെല്ലു തകർന്നു. വയറിനും ഗുരുതര പരിക്കേറ്റു. എയിൻസ എന്ന സ്വകാര്യ ബസാണ് അപകടം വരുത്തിയത്.
ബസ് അന്പലപ്പടി സ്റ്റാൻഡിൽനിന്ന് തൊടുപുഴ - മൂവാറ്റുപുഴ റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് അപകടം ഉണ്ടായത്. ബസ് വിദ്യാർഥികളെ കയറ്റി മുന്നോട്ട് എടുക്കുകയായിരുന്നു. ഇതിനിടെ ലീല എതിർവശത്തെ കടയിൽനിന്നും സാധനങ്ങൾ വാങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് വീഴുകയായിരുന്നു. മറിഞ്ഞു വീണ ഇവരുടെ ദേഹത്തു കൂടി ബസ് കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ ലീലയെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാളിയാർ പോലീസ് കേസെടുത്തു.