ആലുവയിൽ കുടുംബക്കോടതി തുറന്നു
1281093
Sunday, March 26, 2023 12:21 AM IST
ആലുവ: കുടുംബക്കോടതികളിൽ വിവാഹ മോചന ഹർജികൾ വർധിക്കുന്നത് ആശങ്കാജനകമെന്ന് ജസ്റ്റീസ് വിനോദ് ചന്ദ്രൻ. രാജ്യത്തെ ഭാവിയിൽ നയിക്കേണ്ട മക്കൾക്ക് ദോഷകരമായി ബാധിക്കുമെന്ന അവബോധം ദമ്പതികൾക്ക് ഉണ്ടാകണമെന്നും ജസ്റ്റീസ് ഓർമിപ്പിച്ചു. പുതിയതായി ആലുവയ്ക്ക് അനുവദിച്ച കുടുംബകോടതിയുടെ പ്രവർത്തനോ ദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് വിനോദ് ചന്ദ്രൻ.
മജിസ്ട്രേറ്റ് കോടതി വളപ്പിൽ നടന്ന ചടങ്ങിൽ ജില്ലാ ജഡ്ജി ഹണി എം. വർഗീസ് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയായി. ഫാസ്റ്റ് ട്രാക്ക് ജഡ്ജ് എ.എഫ്. വർഗീസ്, എറണാകുളം ഫാമിലി കോർട്ട് ജഡ്ജ് ടോമി വർഗീസ്, എൻഐഎ ജഡ്ജ് അനിൽ കെ. ഭാസ്കർ, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.കെ. നാസർ, സെക്രട്ടറി സലീം കുമാർ, ഷിനോജ്, ദിനുലാൽ എന്നിവർ പ്രസംഗിച്ചു.
സമ്മേളന ശേഷം ഫാമിലി കോടതിയിൽ നാട മുറിച്ച് ഉദ്ഘാടനം നടന്നു. തുടർന്ന് ആദ്യ സിറ്റിംഗ് നടന്നു. ആലുവ നഗരസഭ ഓഫീസിന് എതിർവശത്തെ കെട്ടിടത്തിൽ ഒന്നാം നിലയിലാണ് കോടതി പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ വാടക സർക്കാർ അനുവദിച്ചെങ്കിലും ഫർണീഷിംഗ് തയാറാക്കിയത് ആലുവ ബാർ അസോസിയേഷനാണ്.