കൽക്കുരിശ് പെരുന്നാൾ ഇന്ന്
1338377
Tuesday, September 26, 2023 12:47 AM IST
കോതമംഗലം: കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ കൽക്കുരിശ് പെരുന്നാൾ ഇന്ന് നടക്കും. .പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവ കാലം ചെയ്തപ്പോൾ പള്ളിയിലെ കൽക്കുരിശ് സ്വയം പ്രകാശിച്ചു. പള്ളിസ്ഥാപിക്കുന്നതിന് മുന്പ് ക്രിസ്തുവർഷം 1455-ലാണ് കൽക്കുരിശ് മാർ തോമാശ്ലീഹായുടെ നാമത്തിൽ സ്ഥാപിക്കപ്പെടുന്നത്. രാവിലെ 6.45 ന് പ്രഭാത നമസ്കാരം, 7.30ന് വിശുദ്ധ അഞ്ചിന്മേൽ കുർബാന എന്നിവ നടക്കും. കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മാർ ഐറേനിയോസ് വിശുദ്ധ അഞ്ചിന്മേൽ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിക്കും.
കുർബാനയ്ക്ക് ശേഷം കൽക്കുരിശിങ്കലേക്ക് പ്രദക്ഷിണം നടക്കും. പൂർവിക കാലത്ത് നാടുവാഴികളായിരുന്ന കർത്താക്കന്മാർ കൽക്കുരിശിന് കാവൽ ഇരുന്നതിന്റെ സ്മരണയെ പുതുക്കുവാനായി മൂന്ന് വൈദീകർ അംശവസ്ത്രങ്ങൾ അണിഞ്ഞ് കൽക്കുരിശിനു സമീപമിരുന്ന് വിശ്വാസികളെ അനുഗ്രഹിക്കും. തുടർന്ന് ആശീർവാദത്തിനു ശേഷം അവിലും പഴവും ശർക്കരയും നേർച്ചയായി നൽകും.