നിർമല കോളജിൽ പാനൽ ചർച്ച സംഘടിപ്പിച്ചു
1394411
Wednesday, February 21, 2024 4:05 AM IST
മൂവാറ്റുപുഴ : കേരളത്തിന്റെ ഇപ്പോഴത്തെ ധനപ്രതിസന്ധിയ്ക്ക് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയും നികുതി നികുതിയേതര വരുമാനം കാര്യക്ഷമമായി പിരിച്ചെടുക്കുവാൻ സാധിക്കാത്തതുമാണെന്ന് ഡോ. മേരി ജോർജ്.
നിർമല കോളജിലെ സാന്പത്തിക ശാസ്ത്ര വകുപ്പ് സംഘടിപ്പിച്ച പാനൽ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അവർ. 21,000 കോടിയുടെ നികുതി കുറവ് വന്നതായി സിഎജി റിപ്പോർട്ടിൽ പറയുന്നു. 14, 000 കോടി ജിഎസ്ടിയിൽ മാത്രമാണെന്ന് അവർ പറഞ്ഞു.
15-ാം ധനകാര്യകമ്മിഷൻ മാനദണ്ഡപ്രകാരം കേരളത്തിന് ലഭിക്കുന്ന വരുമാനം കുറവാണെന്നും അതിനാൽ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമായി കേന്ദ്രസർക്കാർ കേരളത്തിന് പലിശ രഹിത വായ്പകൾ പ്രത്യേക മാനദണ്ഡപ്രകാരം നൽകണമെന്നും കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് മുൻ ഡയറക്ടർ ഡോ. എം.കെ. സുകുമാരൻ നായർ പറഞ്ഞു.
ഡോ. കെ. രാജേഷ് മോഡറേറ്ററായിരുന്നു. ചർച്ചയിൽ ഡോ. ടോജോ ജോസ്, റവ.ഡോ. എബ്രഹാം മുള്ളൂട്ടിൽ, ഡോ. ആർ. മീര എന്നിവർ പ്രസംഗിച്ചു. പ്രഫ. അൽഫോൻസ കെ. ജോയി, മിട്ടുമോൾ ബാബു എന്നിവർ നേതൃത്വം നൽകി.