നെടുമ്പാശേരിയിൽ ഭവനരഹിതർക്കായി 100 വീടുകൾ നിർമിച്ചു നൽകും
1535348
Saturday, March 22, 2025 4:17 AM IST
നെടുമ്പാശേരി: ഭവന നിർമാണത്തിനും, മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നൽകി നെടുമ്പാശേരി പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ശോഭ ഭരതന് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനില്‍ അധ്യക്ഷനായി. ഈ ബജറ്റില്‍ 43, 87,95,530 രൂപ വരവും, 41,91,27,544 രൂപ ചെലവും, 1,96,67,986 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.
ഭൂരഹിത ഭവന രഹിതര്‍, ഭവന രഹിതര്‍ എന്നിവര്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം 100 വീടുകള്‍ നിര്‍മിച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ 4,49,80,000 രൂപയും മാലിന്യ നിര്‍മാര്‍ജന സംസ്കരണ പദ്ധതികള്‍ക്കായി 1,76,10,000 രൂപയും നീക്കി വച്ചിട്ടുണ്ട്.
കാര്‍ഷിക മേഖലയില്‍ നെൽക്കൃഷി വികസനത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. നെടുമ്പാശേരി മട്ട എന്ന പേരില്‍ പഞ്ചായത്തിന്റെ സ്വന്തം ബ്രാന്റ് അരി 10 ടണ്‍ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനും, നെല്‍ക്കൃഷിക്ക് അനുയോജ്യമല്ലാത്ത 100 ഏക്കര്‍ പാടശേഖരത്തില്‍ താമരകൃഷി ചെയ്യുന്നതിനും ലക്ഷ്യമിടുന്നു.
ആരോഗ്യ മേഖലയ്ക്ക് 94,88,800 രൂപയാണ് നീക്കി വച്ചിട്ടുളളത്. പഞ്ചായത്തിലെ റോഡുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 4,49,80,000 രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിലെ വികസന കുതിപ്പിനായി കാരയ്ക്കാട്ടുകുന്നില്‍ ആധുനിക സൗകര്യങ്ങളോട് കൂടി ഹോസ്പിറ്റല്‍ കെട്ടിടം പണിയുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും രണ്ട് കോടി 35 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്.
തനതു വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കരിയാട് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കുന്നതിനായി ആറ് കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.