കാർഷിക, പശ്ചാത്തല മേഖലകൾക്ക് ഊന്നൽ നല്കി കുട്ടന്പുഴ പഞ്ചായത്ത് ബജറ്റ്
1535350
Saturday, March 22, 2025 4:34 AM IST
കോതമംഗലം: ഉത്പാദന, കാർഷിക, പശ്ചാത്തല മേഖലകൾക്ക് ഊന്നൽ നൽകി കുട്ടന്പുഴ പഞ്ചായത്ത് ബജറ്റ്. 2025-26 സാന്പത്തിക വർഷത്തെ 55 കോടി വരവും 54 കോടി ചെലവും കണക്കാക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ പരീത് അവതരിപ്പിച്ചു.
ഉത്പാദന മേഖലയിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ചെറുകിട വ്യവസായം, തൊഴിൽ സംരംഭങ്ങൾ, നീർത്തട വികസനം, മണ്ണ് സംരക്ഷണം എന്നിവയ്ക്കുൾപ്പടെ 15,33,38,771 രൂപയും, പശ്ചാത്തല മേഖലയിൽ പുതിയ നിർമാണങ്ങൾക്കായി (യുവജനങ്ങൾക്കായി സ്റ്റേഡിയങ്ങൾ, സ്പോർട്സ് കോംപ്ലക്സ് ഉൾപ്പടെ) 13,64,60,000 രൂപയും, അറ്റകുറ്റപ്പണി പ്രവൃത്തികൾക്കായി 6,97,70,000 രൂപയും വകയിരുത്തി.
സേവന മേഖലയിൽ എസ്എസ്എ പദ്ധതി, പൊതു ആരോഗ്യ പരിപാടികൾ, കുടിവെള്ള പദ്ധതികൾ, ഭവന നിർമാണം, ശുചിത്വം, വനിതാ-ശിശു-വൃദ്ധ ക്ഷേമ പരിപാടികൾ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള പദ്ധതികൾ, അഗതി ക്ഷേമപരിപാടികൾ, പട്ടികജാതി - വർഗ ക്ഷേമ പദ്ധതികൾ എന്നിവയ്ക്കായി 6,77,12,800 രൂപയുമാണ് നീക്കിവച്ചിട്ടുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. സിബി, ഇ.സി. റോയി, മിനി മനോഹരൻ, വാർഡംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാർ എന്നിവർ ബജറ്റ് അവതരണത്തിൽ പങ്കെടുത്തു.