ചികിത്സ വേണ്ടത് സോളാർ പാനലുകൾക്ക്
1338132
Monday, September 25, 2023 1:28 AM IST
പുന്നയൂർക്കുളം: പഞ്ചായത്തിൽ അണ്ടത്തോടുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്നു വർഷം മുന്‍പ് സ്ഥാപിച്ച സോളാർ പാനലുകൾ ഇനിയും പ്രവർത്തനം തുടങ്ങിയില്ല. ഇതുമൂലം ആരോഗ്യ കേന്ദ്രത്തിന് പ്രതിവർഷ നഷ്ടം ഒരു ലക്ഷം. ഇവിടെ സ്ഥാപിച്ചിട്ടുള്ള സോളാർ പാനൽ ഇതുവരെയും കെഎസ്ഇബിയുമായി ബന്ധപ്പെടുത്താൻ നടപടിയായിട്ടില്ല.
വർഷത്തിൽ ഒരു ലക്ഷം രൂപയോളമാണ് വൈദ്യുതി ബിൽ ഇനത്തിൽ ആശുപത്രിക്ക് നഷ്ടം വരുന്നത്. മൂന്നു വർഷത്തോളമായി ഇത്തരത്തിൽ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ 10 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ജനറേറ്ററും സ്ഥാപിക്കുന്നുണ്ട്. ലക്ഷങ്ങൾ ചെലവിട്ട് സോളാർ സംവിധാനം സ്ഥാപിച്ചിട്ടും പ്രയോജനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
പഞ്ചായത്ത് ഓഫീസിലും, ശ്മശാനത്തിലും സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. മൂന്നിടത്തും ഒരേ സമയത്താണ് നാഷണൽ അർബൻ മിഷൻ പദ്ധതി പ്രകാരം നിർമാണം നടത്തിയത്. കുടുംബാരോഗ്യകേന്ദ്രം, ശ്മശാനം എന്നിവിടങ്ങളില്‍ 24 കിലോവാട്ട് വീതവും പഞ്ചായത്തില്‍ 15 കിലോവാട്ടിന്റെയുമാണ് പാനല്‍ സ്ഥാപിച്ചത്. മൂന്നിടത്തുനിന്നായി 63 കിലോവാട്ട് വൈദ്യുതി ഉല്പാദനമാണ് പ്രതീക്ഷിച്ചത്. ഉല്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് കെഎസ്ഇബിക്ക് നല്‍കുന്നതാണ് രീതി.
ശ്മശാനത്തിലെ പാനൽ കെഎസ്ഇബിയുമായി ബന്ധപെടുത്തിയിട്ടുണ്ട്. ഇവിടെ വൈദ്യുതി ബില്ലില്‍ മീറ്റര്‍ ചാര്‍ജ് മാത്രമെ വരുന്നുള്ളൂ. ആശുപത്രി വളപ്പിൽ നിർമാണം പൂർത്തീകരിച്ചിട്ടുള്ള മറ്റു കെട്ടിടത്തിലെ വൈദ്യുതി ഉപയോഗം കൂടി കണക്കിലെടുത്ത് സോളാർ പാനലിൽനിന്ന് ഉല്പാദനം ആരംഭിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും പാനലുകൾ സ്ഥാപിച്ചതിൽ ചില സങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ പറഞ്ഞു.