ചാലക്കുടി: ശുചിത്വ സന്ദേശവുമായി മാവേലി ടൗണിൽ ഇറങ്ങി. ചാക്യാരും പുലികളും പിന്നെ മേളക്കാരും മാവേലിയും ഓണഘോഷങ്ങൾക്ക് ഹരം പകർന്നു. നഗരസഭ സ്വച്ഛതാ ഹി സേവാ ലോഗോ പ്രകാശനത്തിന്റെ ഭാഗമായി പട്ടണത്തിൽ നടത്തിയ ശുചിത്വ സന്ദേശ യാത്രയാണ് മാവേലിയും ചാക്യാരും നയിച്ച് ജനശ്രദ്ധയാകർഷിച്ചത്. ചെയർമാൻ എബി ജോർജ് ലോഗോ പ്രകാശനവും ശുചിത്വ സന്ദേശയാത്രയും ഉദ്്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു അധ്യക്ഷത വഹിച്ചു.
ശുചിത്വമിഷൻ യംഗ് പ്രഫഷണൽ എം.എസ്. സോണിയ പദ്ധതി വിശദീകരിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ദിപു ദിനേശ് ഹെത്ത് സൂപ്പർ വൈസർ സുരേഷ്കുമാർ, നഗരസഭാ കൗൺസിലർമാർ, ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമസേനാ അംഗങ്ങൾ എന്നിവർ ടൗണിൽ നടന്ന റാലിയിൽ പങ്കെടുത്തു. പൊതു ഇടങ്ങളിലും വഴിയോരങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശങ്ങളുമായി ഇറങ്ങിയ മാവേലിയും ചാക്യാരും ജനങ്ങളുമായി സംവദിച്ചു.