കുട്ടനെല്ലൂർ ബാങ്ക് ക്രമക്കേട്: വർഗീസ് കണ്ടംകുളത്തിയെ തരംതാഴ്ത്തി സിപിഎം
1460270
Thursday, October 10, 2024 8:28 AM IST
തൃശൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് പ്രവർത്തിക്കുന്ന മേഖലയിലുള്ള ജില്ലാ കമ്മിറ്റി അംഗവും കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വർഗീസ് കണ്ടംകുളത്തിയെ തരംതാഴ്ത്തി സിപിഎം. ഇന്നലെ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണു തീരുമാനം. ജില്ലാ കമ്മിറ്റിയിൽനിന്ന് ഏരിയ കമ്മിറ്റിയിലേക്കാവും തരംതാഴ്ത്തുക. ബാങ്ക് പ്രവർത്തിക്കുന്ന ഒല്ലൂർ ഏരിയയിലെ സെക്രട്ടറി ആയിരുന്ന കെ.പി. പോളിനെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽനിന്നും ഒഴിവാക്കി.
ക്രമക്കേടു നടന്ന കാലത്തു ബാങ്കിന്റെ പ്രസിഡന്റായിരുന്ന റിക്സൻ പ്രിൻസിനെ പാർട്ടിയിൽനിന്നു പുറത്താക്കാനും തീരുമാനിച്ചു. ക്രമക്കേടു നടന്നകാലത്ത് ബാങ്ക് ഡയറക്ടർമാരായിരുന്ന അഞ്ചു സിപിഎം നേതാക്കളെ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്യും.
ഓഗസ്റ്റ് 19ന് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു കുട്ടനെല്ലൂർ അന്വേഷണ റിപ്പോർട്ട് ചർച്ചചെയ്തത്.കുട്ടനെല്ലൂർ ബാങ്കിൽ നടന്ന 32 കോടിയുടെ ക്രമക്കേടിൽ പി.കെ. ചന്ദ്രശേഖരൻ, എം.കെ. കണ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് പാർട്ടി അംഗങ്ങളുടെ ബന്ധം സംബന്ധിച്ച് അന്വേഷണം നടത്തി പാർട്ടിക്കു റിപ്പോർട്ട് സമർപ്പിച്ചത്.
തുടർന്ന് വർഗീസ് കണ്ടംകുളത്തിയും കെ.പി. പോളും കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തങ്ങളുടെ ഭാഗം വിശദീകരിച്ചു. മറ്റ് അഞ്ചുപേർ അതതു കമ്മറ്റികളിലും വിശദീകരണം നൽകി. ഇവയെല്ലാം സംസ്ഥാന കമ്മിറ്റിക്കു കൈമാറിയിരുന്നു. ജില്ലാ കമ്മിറ്റിയുടെ അച്ചടക്കനടപടി ശിപാർശ സംസ്ഥാനകമ്മിറ്റി അംഗീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ചചെയ്തു നടപടിക്കായി ജില്ലാ കമ്മിറ്റിക്കു കൈമാറുകയായിരുന്നു. തുടർന്നാണ് ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗം എട്ടുപേർക്കെതിരേ പാർട്ടിതല നടപടിയെടുക്കാൻ തീരുമാനിച്ചത്. ഇനി ഇക്കാര്യം കീഴ്ഘടകങ്ങളിലേക്കു റിപ്പോർട്ട് ചെയ്യും.
സ്വന്തം ലേഖകൻ