വ്യോമസേനാദിനം ആഘോഷിച്ചു
Thursday, October 9, 2025 2:20 AM IST
ന്യൂഡൽഹി: രാജ്യത്തിന്റെ ആകാശ അതിർത്തി ഉരുക്കുപോലെ കാത്തുസൂക്ഷിക്കുന്ന വ്യോമസേന 93-ാമത് സ്ഥാപകദിനം ആഘോഷിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വെസ്റ്റേണ്‍ എയർ കമാൻഡിനു കീഴിലുള്ള ഹിൻഡോണ് വ്യോമതാവളത്തിലായിരുന്നു സ്ഥാപകദിനാഘോഷം. പരിപാടിയോടനുബന്ധിച്ച് വ്യോമസേനയുടെ പരേഡും എയർ ഷോയുമുണ്ടായിരുന്നു.
സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേന മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി എന്നിവർ ദേശീയ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികളർപ്പിച്ചു.
റഫാൽ, സുഖോയ് സു 30 എംകെഐ, മിഗ്29 തുടങ്ങിയ യുദ്ധവിമാനങ്ങൾ എയർ ഷോയിൽ പങ്കെടുത്തു.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നേത്ര എയർബോണ്‍ ഏർലി വാണിംഗ് ആൻഡ് കണ്ട്രോൾ സിസ്റ്റം (എഇഡബ്ല്യു&സി), ഭൂമിയിൽനിന്നും ആകാശത്തേക്കു തൊടുക്കാവുന്ന ആകാശ് സർഫസ്ടുഎയർ മിസൈൽ സിസ്റ്റം എന്നിവയും പ്രദർശിപ്പിച്ചു.
വ്യോമസേനാദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തടങ്ങിയവർ സേനയ്ക്ക് ആശംസകൾ നേർന്നു.
ഏതു വെല്ലുവിളിയും നേരിടാൻ തയാർ: വ്യോമസേനാ മേധാവി
രാജ്യത്തിനെതിരേ ഉയരുന്ന ഏതൊരു വെല്ലുവിളിയും നേരിടാൻ വ്യോമസേന സജ്ജമാണെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്.
"ഓപ്പറേഷൻ സിന്ദൂറി’ൽ വ്യോമസേന നടത്തിയ ധീരവും കൃത്യവുമായ പ്രവർത്തനങ്ങൾകൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കുമെന്ന് തെളിയിച്ചു. വ്യോമശക്തി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഈ ദൗത്യത്തിലൂടെ വ്യോമസേന ലോകത്തിന് കാണിച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞു.