നങ്ങ്യാർകുളങ്ങരയിൽ കാറും ബസും കൂട്ടിയിടിച്ചു വിദ്യാർഥിനി മരിച്ചു
Tuesday, November 12, 2019 11:08 PM IST
കായംകുളം: കാറും ബസും കൂട്ടിയിടിച്ചു വിദ്യാർഥിനി മരിച്ചു. അപകടത്തിൽ മൂന്നുപേർക്കു പരിക്കേറ്റു. ദേശീയപാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ രാത്രി 11.30ന് ആണ് അപകടം. എറണാകുളത്തുനിന്നു കരുനാഗപ്പള്ളിക്കു പോകുകയായിരുന്ന കാറും തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.
സതേണ്‍ റയിൽവേ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ രക്ഷാധികാരിയുമായ കരുനാഗപ്പള്ളി ഇടക്കുളങ്ങര മണ്ണേൽ നെജിമും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ഇന്നലെ പുലർച്ചെ അപകടത്തിൽപെട്ടത്.
നെജീമിന്റെ മകൾ ഫാത്തിമ നെജീം(20)ആണ് മരിച്ചത്. നെജീമിനെ കൂടാതെ കാറിലുണ്ടായിരുന്ന നെജീമിന്റെ ഭാര്യ ഷുജ നെജീം (44), മകൻ മുഹമ്മദ് അലി (24) എന്നിവരും എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കാർ പൂർണമായി തകർന്നു. മുഹമ്മദ് അലിയുടെ പരിക്കു ഗുരുതരമാണ്. ഹൃദയ സംബന്ധമായ അസുഖത്തിനു പരിശോധനയ്ക്കു ശേഷം നെജിം കളമശേരി സിഎംസി കോളജിൽ ഡിഗ്രിക്കു പഠിക്കുന്ന മകൾ ഫാത്തിമയെ വിളിച്ചുകൊണ്ടു വരുന്ന വഴിക്കായിരുന്നു അപകടം. നെജിം കരുനാഗപ്പള്ളി മുൻ കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിസിസി അംഗവുമാണ്.