സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പിന് (റിന്യൂവൽ) അപേക്ഷിക്കാം
Friday, September 18, 2020 12:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം/ലത്തീൻ ക്രിസ്ത്യൻ, പരിവർത്തിത ക്രിസ്ത്യൻ മത വിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് 2020-21 അധ്യയന വർഷത്തേക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പിനും ഹോസ്റ്റൽ സ്റ്റൈപ്പൻഡിനും (റിന്യൂവൽ) ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
2019-20 അധ്യയനവർഷം സ്കോളർഷിപ് ലഭിച്ചവർക്കാണ് റിന്യൂവലിന് അവസരം. ബിരുദക്കാർക്ക് 5,000 രൂപയും, ബിരുദാനന്തര ബിരുദക്കാർക്ക് വിദ്യാർഥിനികൾക്ക് 6,000 രൂപയും, പ്രഫഷണൽ കോഴ്സുകാർക്ക് 7,000 രൂപയും ഹോസ്റ്റൽ സ്റ്റൈപെൻഡ് ഇനത്തിൽ 13,000 രൂപയുമാണ് പ്രതിവർഷം സ്കോളർഷിപ് നൽകുന്നത്.
ഒരു വിദ്യാർഥിനിക്ക് സ്കോളർഷിപ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപെൻഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www. minoritywelfare. kerala. gov.in ൽ ഓൺലൈനായി ഒക്ടോബർ 30 വരെ അപേക്ഷിക്കാം. വിശാദംശങ്ങൾക്ക്: 0471 2302090, 2300524.