ശബരിമല കേസുകൾ പിൻവലിക്കാനുള്ള തീരുമാനം സ്വാഗതാർഹം: ജി. സുകുമാരൻ നായർ
Wednesday, February 24, 2021 11:50 PM IST
ചങ്ങനാശേരി: ശബരിമല വിഷയത്തിൽ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരേയും ദർശനത്തിന് എത്തിയ നിരപരാധികളായ ആളുകൾക്ക് എതിരേയും എടുത്ത കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തീരുമാനം നേരത്തതന്നെ ഉണ്ടാകേണ്ടിയിരുന്നുവെന്നും വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ എൻഎസ്എസ് നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസഭായോഗത്തിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ തീരുമാനം വന്നതിനു ശേഷം എൻഎസ്എസ് ആസ്ഥാനത്ത് ശബരിമല വിഷയത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ജി. സുകുമാരൻ നായർ.
വിശ്വാസ സംരക്ഷണകാര്യത്തിൽ സർക്കാരും എൻഎസ്എസും ഇന്നും രണ്ട് ധ്രുവത്തിൽ തന്നെയാണ്. കേസ് പിൻവലിക്കാനുള്ള തീരുമാനംകൊണ്ട് വിശ്വാസം സംരക്ഷിക്കപ്പെട്ടുവെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.