കണക്കിൽ കവിഞ്ഞ് ഒക്ടോബർ മഴ
Wednesday, October 20, 2021 12:26 AM IST
തിരുവനന്തപുരം: ഒക്ടോബർ അവസാനിക്കാൻ പത്തു ദിവസംകൂടി ബാക്കി നിൽക്കെ, പ്രതിമാസ മഴക്കണക്കിൽ റിക്കാർഡിട്ട് കേരളം. പത്ത് വർഷത്തിനിടെ ഒക്ടോബറിൽ ഏറ്റവും കൂടുതൽ മഴ പെയ്ത വർഷമായാണ് 2021 മാറുന്നത്.
ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെയുള്ള 19 ദിവസംകൊണ്ട് പെയ്തിറങ്ങിയത് 453.5 മില്ലിമീറ്റർ മഴ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കിട്ടിയതാകട്ടെ 185.4 മില്ലിമീറ്ററും. 1961 മുതൽ 2010 വരെയുള്ള 50 വർഷത്തെ ദീർഘകാല ശരാശരിയനുസരിച്ച് ഒക്ടോബറിൽ കേരളത്തിൽ പെയ്യേണ്ടത് 303.4 മില്ലിമീറ്റർ മഴയാണ്.
2019ലാണ് ഇതിനു മുൻപ് ഒക്ടോബറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 448.4 മില്ലിമീറ്റർ. 2018 ഒക്ടോബറിൽ 305.4 മില്ലിമീറ്ററും 2017ൽ 228 മില്ലിമീറ്ററും മഴ പെയ്തു.
2016 ൽ 105.1 മില്ലിമീറ്ററും 2015 ൽ 309.9 മില്ലിമീറ്ററും 2014 ൽ 355.5 മില്ലിമീറ്ററും 2013 ൽ 259.9 മിലിമീറ്ററും 2012 ൽ 189.3 മില്ലിമീറ്ററും മഴയാണ് ഒക്ടോബർ മാസത്തിൽ കേരളത്തിൽ പെയ്തത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ 27% മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. എന്നാൽ ഇക്കുറി ഒക്ടോബറിൽ മൂന്നാഴ്ച തികയുന്പോഴേക്കും 135% അധികമഴയാണ് രേഖപ്പെടുത്തിയത്. ഇതിനോടകം തന്നെ എല്ലാ ജില്ലകളിലും ശരാശരിക്കും മുകളിൽ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഡി. ദിലീപ്
ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്തു പെയ്ത മഴ
ജില്ല തിരിച്ച് മില്ലി മീറ്ററിൽ, ജില്ല-പെയ്ത മഴ പെയ്യേണ്ടിയിരുന്ന മഴ എന്ന ക്രമത്തിൽ
ആലപ്പുഴ-339.9(214.4). കണ്ണൂർ-472.8(159.4). എറണാകുളം-457.9(196.5). ഇടുക്കി-521.7(245.5). കാസർഗോഡ്-428.4(157.6). കൊല്ലം-491(227). കോട്ടയം-454.9(196.7). കോഴിക്കോട്-553.5(175.9). മലപ്പുറം-435.3(204.3). പാലക്കാട്-417.1(151.6). പത്തനംതിട്ട-620.4(214.6). തിരുവനന്തപുരം-353.4(177.3). തൃശൂർ-428.1(222.6). വയനാട്-259.4(127.2)
2020 ഒക്ടോബറിൽ പെയ്ത മഴ
ജില്ല തിരിച്ച് മില്ലിമീറ്ററിൽ, ജില്ല-പെയ്ത മഴ എന്ന ക്രമത്തിൽ
ആലപ്പുഴ-243.2, കണ്ണൂർ-259.1, എറണാകുളം-233.9, ഇടുക്കി-298.0, കാസർഗോഡ്-309.6, കൊല്ലം-248.0, കോട്ടയം-251.8, കോഴിക്കോട്-236.4, മലപ്പുറം-131.0, പാലക്കാട്-162.3, പത്തനംതിട്ട-231.4, തിരുവനന്തപുരം-203.2, തൃശൂർ-218.3, വയനാട്-125.1