യുവാക്കള്‍ ആഭരണങ്ങള്‍ ചോദിച്ചു; പെണ്‍കുട്ടി മോഷ്ടിച്ചു നല്കി : രണ്ടു യുവാക്കൾ അറസ്റ്റില്‍
1579493
Monday, July 28, 2025 6:51 AM IST
പേരൂര്‍ക്കട: യുവാക്കള്‍ ആഭരണങ്ങള്‍ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍നിന്നു അമ്മയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചുകൊണ്ടുവന്നു നല്കി. ഒടുവില്‍ പെണ്‍കുട്ടിയുമായി എറണാകുളം വണ്ടര്‍ലാ സന്ദര്‍ശിക്കാനെത്തിയ യുവാക്കളെ രക്ഷിതാക്കളുടെ പരാതിയില്‍ പൂജപ്പുര പോലീസ് അറസ്റ്റുചെയ്തു.
തമലം സ്വദേശി സന്ദീപ് (20), ബാലരാമപുരം ആറാലുംമൂട് സ്വദേശി നിരഞ്ജന് (20) എന്നിവരാണ് അറസ്റ്റിലായത്. പൂജപ്പുര സ്വദേശിനിയായ എട്ടാംക്ലാസുകാരിയെ പ്രലോഭിപ്പിച്ചാണ് യുവാക്കള്‍ ഈവര്‍ഷം വിവിധ കാലങ്ങളിലായി 12 പവന് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയത്. ഇന്‍സ്റ്റാഗ്രാം വഴിയാണു പെണ്‍കുട്ടിയുമായി യുവാക്കള്‍ ബന്ധം സ്ഥാപിച്ചത്.
സുഹൃത്താക്കാമെന്നും വിവിധ സ്ഥലങ്ങളില്‍ ടൂര്‍ കൊണ്ടുപോകാമെന്നും പറഞ്ഞായിരുന്നു പ്രലോഭനം. തന്റെ അമ്മയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു നല്കിയ പെണ്‍കുട്ടി ദിവസങ്ങള്‍ക്കുമുമ്പ് ഒരു രാത്രി യുവാക്കള്‍ക്കൊപ്പം വീടിനു സമീപത്തുനിന്ന് ബൈക്കില്‍ രഹസ്യമായി മുങ്ങി.
തമ്പാനൂരിലെത്തിയശേഷം അവിടെനിന്നു ട്രെയിനില്‍ യുവാക്കള്‍ക്കൊപ്പം വണ്ടര്‍ലായിലേക്ക് പോകുകയായിരുന്നു. ഇവിടെവച്ചാണു യുവാക്കള്‍ പോലീസിന്റെ പിടിയിലായത്. മകളെ കാണാനില്ലെന്നു രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് അന്വേഷണം ഉണ്ടായത്. സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയതിനാണ് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തത്. ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ഇരുവരും ബൈക്കുകളും ഒരു ഓട്ടോറിക്ഷയും വാങ്ങി.
പുതിയ ഒരു കാര്‍ ഷോറൂമില്‍ നിന്ന് ഇറങ്ങാനിരിക്കെയാണ് ഇവര്‍ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.