മൂന്നുനില കെട്ടിടത്തിൽനിന്നും പരസ്യബോർഡ് നിലംപതിച്ച് അപകടം
1579680
Tuesday, July 29, 2025 5:10 AM IST
കാട്ടാക്കട: മൂന്നുനില കെട്ടിടത്തിനു മുകളിൽനിന്നും കൂറ്റൻ പരസ്യബോർഡ് നിലത്തേക്ക് പതിച്ച് അപകടം. എസ്ബിഐ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ തന്നെ പരിശീലന കേന്ദ്രത്തിലെ ബോർഡ് ആണ് നിലത്തേക്കു പതിച്ചത്.
വഴിയാത്രക്കാർ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ശബ്ദംകേട്ട് ഇവർ ഓടി മാറുകയായിരുന്നു. സ്കൂൾ കുട്ടികൾ ഇതുവഴി വരുന്നതിനു മിനിറ്റുകൾക്ക് മുൻപാണ് പരസ്യ ബോർഡ് താഴേക്കു പതിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 3.15 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന് സമീപത്തുകൂടി കെഎസ്ഇബി വയറുകൾ പോയതിൽ തടഞ്ഞു നിന്നാണ് അപകടം ഒഴിവായത്.
അതേസമയം ബാങ്കിനു താഴെയായി പാർക്ക് ചെയ്തിരുന്ന ട്രഷറി വകുപ്പിന്റെ വാഹനത്തിനു മുകളിലാണ് ഫ്ലക്സ് വീണത്. ഇതിന്റെ പൈപ്പുകൾ വീണു വാഹനത്തിന്റെ ഡ്രൈവർക്കു പരിക്കുള്ളതായും വിവരമുണ്ട്. പരസ്യബോർഡിന്റെ ഇരുമ്പ് പൈപ്പുകളുടെ ബല ക്കുറവാണ് നിലത്തേക്ക് പതിക്കാൻ കാരണം എന്നാണ് നിഗമനം. കാട്ടാക്കട അഗ്നിഷ സേന സ്ഥലത്തെത്തിയാണ് ബോർഡ് നീക്കം ചെയ്തത്.
കാട്ടാക്കട നെയ്യാർ ഡാം റോഡിൽ പോലീസ് സ്റ്റേഷനും കെഎസ്ഇബി ഓഫീസിനും സമീപം എസ്ബിഐ ബാങ്കിന് മുകളിൽനിന്ന കൂറ്റൻ പരസ്യ ബോർഡ് ആണ് അപകടമുണ്ടാക്കിയത്. കാട്ടാക്കട പട്ടണത്തിൽ പ്രധാന റോഡിന്റെ ഇരുവശത്തും നിരവധി കെട്ടിടങ്ങൾക്കു മുകളിൽ ഇത്തരത്തിൽ പരസ്യബോർഡുകളുണ്ട്. കാറ്റിൽ ഇവ നിലംപതിക്കുമോ എന്നുള്ള ആശങ്കയിലാണ് പലപ്പോഴും ആളുകൾ സഞ്ചരിക്കുന്നത്. നിരവധി പേർ ഇതു സംബന്ധിച്ച് പഞ്ചായത്തിൽ ഉൾപ്പെടെ പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
ലീഡിംഗ് ഫയർമാൻ ക്ലമെന്റ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ്, ഹോം ഗാർഡ് വിനോദ്, ഡ്രൈവർ രതീഷ് കുമാർ എന്നിവരാണു സ്ഥലത്തെത്തി അപകടകരമായ ബോർഡ് നീക്കം ചെയ്തത്.