നേമം സഹകരണ ബാങ്ക് തട്ടിപ്പ് : സഹകരണ രജിസ്ട്രാർ അന്വേഷണം മനഃപൂർവം നീട്ടുന്നു
1579985
Wednesday, July 30, 2025 6:46 AM IST
നേമം: സഹകരണ ബാങ്കിലെ കോടികളുടെ ക്രമകേടുകൾ പുറത്ത് വന്നതോടെ 447 പേർ കേസ് കൊടുക്കുകയും, പോലിസ് എഫ്ഐആർ ഇടുകയും ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരുകയും ചെയുന്ന നേമം സഹകരണ ബാങ്കിലെ വകുപ്പുതല അന്വേഷണം ചില ഉന്നത രാഷ്ട്രിയ ഇടപെടൽ കാരണം സഹകരണ രജിസ്ട്രാർ നീട്ടിക്കൊണ്ടു പോകുന്നെന്ന് ആക്ഷേപം.
ഓഗസ്റ്റ് 15 കഴിഞ്ഞാൽ ഈ റിപ്പോർട്ട് റദ്ധുചെയ്യപ്പെടാനും, തന്മൂലം പ്രതികൾക്ക് സഹായമാക്കുവാനുമാണു നീട്ടിക്കൊണ്ടു പോകുന്നത്. വിവരാവകാശ നിയമ പ്രകാരം നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാൻ അന്വേഷണ റിപ്പോർട്ടിനു രേഖമൂലം അപേക്ഷ നൽകിയിട്ടും വിവരാവകാശം നൽകാതെ "ആയിട്ടില്ല' എന്ന മറുപടിയാണ് ലഭിക്കുന്നത്. ഒരു വർഷം തികയുന്ന വകുപ്പുതല അന്വേഷണം ഓഗസ്റ്റ് 15നു മുമ്പു പൂർത്തീകരിച്ചില്ലെങ്കിൽ അന്വേഷണ റിപ്പോർട്ട് ലാപ്സാകും.
ഇത്തരത്തിൽ നിക്ഷേപകരെ ദ്രോഹിച്ചു നേമം സഹകരണ ബാങ്കിനെ തകർത്ത മാഫിയകളെയും, ചില ഉന്നത രാഷ്ട്രീയ നേതാക്കളെയും സഹായിക്കുന്ന സഹകരണ രജിസ്ട്രാറുടെ വഞ്ചനക്കെതിരെ ശക്തമായ പ്രക്ഷോഭ സമരം സഹകരണ ആസ്ഥാന മന്ദിരത്തിനു മുന്നിൽ ആരംഭിക്കുമെന്നു നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാനും, കൺവീനർ കൈമനം സുരേഷും പറഞ്ഞു.