തിരുവനന്തപുരം കോർപറേഷനിൽ പട്ടികജാതി-വർഗ ഫണ്ട് തട്ടിപ്പ്: ജീവനക്കാരടക്കം 14 പേർ അറസ്റ്റിൽ
1580173
Thursday, July 31, 2025 6:37 AM IST
തിരുവനന്തപുരം: കോർപറേഷനിലെ പട്ടിക ജാതി- വർഗ, ബിപിഎൽ വിഭാഗ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടു തിരുവനന്തപുരം കോർപറേഷൻ ജീവനക്കാർ അടക്കം 14 പേരെ വിജിലൻസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം നഗരസഭയുടെ 2020-21 സാന്പത്തിക വർഷത്തിലെ എസ്സി-എസ്ടി വിഭാഗത്തിലെ വനിതകൾക്കും ബിപിഎൽ വിഭാഗത്തിലെ വനിതകൾക്കും സംരംഭകത്വം തുടങ്ങുന്നതിനായി വായ്പാ സബ്സിഡി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് അറസ്റ്റ്.
തിരുവനന്തപുരം കോർപ്പറേഷനിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായി ജോലി നോക്കിയിരുന്ന തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി പ്രവീണ്‍രാജ്, ബാലരാമപുരം സ്വദേശി എം.ബി. ഷെഫിൻ, പട്ടം സർവീസ് സഹകരണ ബാങ്ക് മാനേജർ സോണി എന്നിവർ അടക്കമുള്ളവരാണ് അറസ്റ്റിലായത്.
സംരംഭകത്വം തുടങ്ങാനായി വായ്പാ സബ്സിഡി വിതരണം ചെയ്തതുമായി ബന്ധപ്പെട്ടു നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. 2020-21 സാന്പത്തിക വർഷത്തിൽ തിരുവനന്തപുരം നഗരസഭാ പരിധിയിൽ താമസിക്കുന്ന എസ്സി-എസ്ടി വിഭാഗത്തിലെ വനിതകൾക്ക് സംരംഭകത്വം തുടങ്ങാൻ 1.26 കോടി രൂപയും ബിപിഎൽ വിഭാഗം വനിതകൾക്ക് സംരംഭകത്വം തുടങ്ങാൻ 1.14 കോടി രൂപയും സബ് സിഡി ലോണായി അനുവദിച്ചിരുന്നു.
എന്നാൽ സബ്സിഡി മാനദണ്ഡങ്ങൾ പാലിക്കാതെ നഗരസഭ കൗണ്‍സിൽ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാത്ത വ്യക്തികൾക്ക് പദ്ധതി മാർഗരേഖകൾ ലംഘിച്ച് സബ്സിഡി അനുവദിച്ചും രേഖകൾ ഓഫീസിൽ നിന്നു മാറ്റി തെളിവുകൾ നശിപ്പിച്ചിരുന്നു.
പട്ടം സർവീസ് സഹകരണ ബാങ്ക് വഴി ഇടനിലക്കാരിയായ സിന്ധു ആരംഭിച്ച അശ്വതി സപ്ലൈയേഴ്സ് എന്ന വ്യാജ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കും അവിടെ നിന്നു മറ്റ് ഇടനിലക്കാരുടെഅക്കൗണ്ടുകളിലേക്കും തുക മാറ്റി അഴിമതി നടത്തിയെന്നാണു കേസ്.
ഇടനിലക്കാരായി പ്രവർത്തിച്ച മണക്കാട് സ്വദേശി ശ്രീകുമാർ, കഴക്കൂട്ടം സ്വദേശി സുരേഷ് ബാബു, കോവളം സ്വദേശി അനിരുദ്ധൻ, തിരുവല്ലം സ്വദേശി ബിന്ദു, ബാലരാമപുരം സ്വദേശി അശ്വതി, മുട്ടയ്ക്കാട് സ്വദേശി അശ്വതി, വഞ്ചിയൂർ സ്വദേശി മോനിശേഖർ, ബാലരാമപുരം സ്വദേശി ഷിബിൻ, കല്ലിയൂർ സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ജീവനക്കാരെ കൂടാതെ ഇടനിലക്കാരായി പ്രവർത്തിച്ച മൂന്നാറ്റുമുക്ക് സ്വദേശി സിന്ധു, പൂങ്കുളം സ്വദേശി അജിത എന്നിവരെയും അറസ്റ്റ് ചെയ്തു.