നെയ്യാറ്റിന്‍കര നഗരസഭയുടെ ഓണസമ്മാനമായി ജെ.സി. ഡാനിയല്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം
1579997
Wednesday, July 30, 2025 6:56 AM IST
നെയ്യാറ്റിൻകര: മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയലിന്റെ സ്മരണാര്‍ഥം നഗരസഭാ സ്റ്റേഡിയത്തിൽ യാഥാര്‍ഥ്യമാക്കുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായി.
വൈദ്യുതീകരണം, പ്രോജക്ടര്‍ സ്ഥാപിക്കല്‍ മുതലായ പ്രവൃത്തികള്‍ കൂടി പൂര്‍ണമാകുന്നതോടെ ഓഡിറ്റോറിയം ഈ വര്‍ഷം ഓണത്തിനു മുന്‍പുതന്നെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് "ദീപിക'യോട് പറഞ്ഞു.
2023 -2024 സാമ്പത്തിക വർഷത്തിൽ നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമാണ പൂർത്തീകരണത്തിനായി നേരത്തേ വകയിരുത്തിയിരുന്നു. നഗരസഭ ചെയർമാൻ സാംസ്കാരിക മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ ഭാഗമായി സാംസ്കാരിക വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപയും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം പദ്ധതിക്ക് മുതല്‍ക്കൂട്ടായി. ഒരേ സമയം 250 പേർക്ക് ഇരിക്കാവുന്ന ബാൽക്കണി സംവിധാനത്തോടുകൂടിയുള്ള ഓപ്പൺ ഓഡിറ്റോറിയമാണ് നിര്‍മിക്കുന്നത്.
വിനോദത്തിനും വിജ്ഞാനത്തിനുമായി പൊതുഇടങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായൊരുങ്ങുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം പകൽ സമയം സാംസ്കാരിക പരിപാടികൾക്കും രാത്രികാലങ്ങളിൽ സിനിമ പ്രദർശനത്തിനും ഉപയോഗിക്കാം. കേരളത്തില്‍ ജെ.സി. ഡാനിയലിന്റെ പൂര്‍ണകായ പ്രതിമയുള്ള ഏക സ്മാരകമാണ് നെയ്യാറ്റിന്‍കര നഗരസഭ സ്റ്റേഡിയത്തില്‍ സ്ഥിതി ചെയ്യുന്നത്.
ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനു സമീപത്തു തന്നെയാണ് ഫിലിം റോള്‍ പരിശോധിക്കുന്ന ഡാനിയലിന്റെ പ്രതിമയുള്ളത്.