തരൂരിന്റെ പൊക്കക്കൂടുതൽ അംഗീകരിക്കാൻ മലയാളികൾക്ക് വിമുഖത: അടൂർ
1579679
Tuesday, July 29, 2025 5:10 AM IST
തിരുവനന്തപുരം: ശശി തരൂരിന്റെ ഉയരക്കൂടുതൽ കാരണമാണ് മലയാളികൾ അദ്ദേഹത്തെ ഉൾക്കൊള്ളാനാകാത്തതെന്നു ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ശരാശരിക്കാരെ മാത്രം അംഗീകരിക്കുന്ന ഒരു രീതി മലയാളികൾക്കുണ്ടെന്നും അടൂർ പറഞ്ഞു.
വെട്ടി നിരത്തുക എന്നതാണ് മലയാളികളുടെ പൊതുസ്വഭാവം. താൻ ഉൾപ്പെടെയുള്ളവരെ ചേർത്താണ് ഇതു പറയുന്നത് എന്ന ആമുഖത്തോടെ അടൂർ വ്യക്തമാക്കി.
പി. കേശവദേവ് ട്രസ്റ്റിന്റെ ഈ വർഷത്തെ പി. കേശവദേവ് സാഹിത്യ പുരസ്കാരം ശശി തരൂർ എംപിക്ക് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അടൂർ. ഹോട്ടൽ ഹിൽടണ് ഗാർഡനിൽ നടന്ന ചടങ്ങിൽ 2025-ലെ പി. കേശവദേവ് ഡയാബ് സ്ക്രീൻ കേരള അവാർഡ് പ്രശസ്ത പ്രമേഹ രോഗവിദഗ്ധൻ ഡോ. ബൻഷി സാബുവിനു അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. പ്രശസ്ത നോവലിസ്റ്റും പി. കേശവദേവ് സാഹിത്യ അവാർഡ് കമ്മിറ്റി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷത വഹിച്ചു. സാമൂഹ്യ മാറ്റങ്ങൾക്കു വേണ്ടി തൂലിക പടവാളാക്കിയ എഴുത്തുകാരനാണ് പി. കേശവദേവ് എന്ന് ജോർജ് ഓണക്കൂർ പറഞ്ഞു. ചലച്ചിത്ര താരം മണിയൻ പിള്ള രാജു മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര നിരൂപകനും അവാർഡ് കമ്മിറ്റി അംഗവുമായ വിജയകൃഷ്ണൻ ആശംസ നേർന്ന് പ്രസംഗിച്ചു.
പി. കേശവദേവിന്റെ മകനും ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ജ്യോതിദേവ് കേശവദേവ് സ്വാഗതം ആശംസിച്ചു. പി. കേശവദേവിന്റെ മരുമകളും ട്രസ്റ്റ് സെക്രട്ടറിയുമായ സുനിത ജ്യോതിദേവ് കൃതജ്ഞത പറഞ്ഞു. തുടർന്ന് ശശി തരൂരുമായുള്ള സംവാദം നടന്നു. ഡോ. തോമസ് മാത്യു സംവിധാനം ചെയ്ത നർമകൈരളി അവതരിപ്പിച്ച ഓടയിൽ നിന്ന് ഹാസ്യനാടകവും അരങ്ങേറി.