തിരുവല്ലത്ത് വീട്ടിൽ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തി നശിച്ചു
1579678
Tuesday, July 29, 2025 5:10 AM IST
തിരുവല്ലം: വീടിനോടു ചേര്‍ന്നു പാര്‍ക്ക് ചെയ്തിരുന്ന യുവാവിന്റെ ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. തിരുവല്ലം പുഞ്ചക്കരി പാപ്പാന്‍ചാണി സ്വദേശി ശരത്തിന്റെ (26) ഉടമസ്ഥതയിലുളള ബജാജ് എന്‍എസ് ബൈക്കാണ് കത്തിനശിച്ചത്.
ഞായറാഴ്ച രാത്രി 9.30 ഓടെ സവാരി കഴിഞ്ഞശേഷം വീടിനോടു ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയായില്‍ വെച്ചിരുന്ന ബൈക്കാണ് കത്തി നശിച്ചത്. ശരത്ത് നല്കിയ പരാതിയില്‍ തിരുവല്ലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയുണ്ടായി. സംഭവത്തില്‍ അസ്വാഭാവികത യാതൊന്നും തന്നെയില്ലെന്നു തിരുവല്ലം എസ്എച്ച്ഒ പ്രദീപ് പറഞ്ഞു.
ബൈക്ക് കത്തുന്ന സമയം പെട്രോള്‍ കുറവായിരുന്നതായി ശരത് പോലീസിനോട് പറഞ്ഞു. ഇലക്ട്രിക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നുണ്ടായ സ്പാർക്കാണ് ബൈക്ക് കത്തി നശിക്കാന്‍ ഇടയായതെന്നാണ് പരിശോധനയില്‍ നിന്നും വ്യക്തമായതെന്നാണ് പോലീസ് പറയുന്നത്.