അറ്റകുറ്റപ്പണി ഇല്ല: ഇരപ്പുകുഴി- വിവേകാനന്ദ റോഡ് തകര്‍ന്നു
1579494
Monday, July 28, 2025 6:56 AM IST
പേരൂര്‍ക്കട: കഴിഞ്ഞ അഞ്ചു വര്‍ഷമായി അറ്റകുറ്റപ്പണിയും ടാറിംഗും ഇല്ലാതായതോടെ പാതിരിപ്പള്ളി വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഇരപ്പുകുഴി-വിവേകാനന്ദ റോഡ് തകര്‍ന്നു തരിപ്പണമായി.
രണ്ടുകിലോമീറ്റര്‍ വരുന്ന റോഡ് ഇരപ്പുകുഴി പ്രധാന റോഡിനെയും പാതിരിപ്പള്ളിയെയും ബന്ധിപ്പിക്കുന്നതാണ്. റോഡിന്റെ ഇരുവശവും തിങ്ങി ഞെരുങ്ങിയ നിലയിലാണ് വീടുകള്‍ സ്ഥിതിചെയ്യുന്നത്. ഇതുവഴി റോഡിനു സമാന്തരമായി ഓട കടന്നുപോകുന്നില്ല. ഓട നിർമിച്ചാല്‍ പ്രധാന റോഡിനെ മുറിച്ചുകൊണ്ട് മറുവശത്തെ ഓടയില്‍ ചേര്ക്കേണ്ടിവരുമെന്നതിനാലാണ് അധികൃതര്‍ ഇതില്‍നിന്നു പിന്തിരിഞ്ഞതെന്നാണ് ആക്ഷേപം.
ഓടയില്ലാത്തതുമൂലം വെള്ളം കെട്ടിനിന്നു റോഡിന്റെ തകര്‍ച്ച തുടങ്ങുകയായിരുന്നു. മിക്ക സ്ഥലത്തും ടാര്‍ ഇളകി മെറ്റലുകള്‍ നഷ്ടപ്പെട്ടു കുണ്ടുകുഴിയുമായി വെള്ളം കെട്ടിനില്‍ക്കുന്ന കാഴ്ച കാണാനാകും. തിരക്കേറുന്ന അവസരങ്ങളില്‍ ഉള്‍പ്പെടെ പാതിരിപ്പള്ളി, മുക്കോലയ്ക്കല്‍, എംസി റോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ജനങ്ങള്‍ പോകാന്‍ ആശ്രയിക്കുന്ന റോഡാണ് വിവേകാനന്ദ റോഡ്.
കാറുകള്‍ ഉള്‍പ്പെടെ ഇതുവഴി കടന്നുപോകുമ്പോള്‍ ഏറെ ബുദ്ധിമുട്ടുന്നതായി യാത്രക്കാര്‍ പറയുന്നു. പുതിയ നഗരസഭാ ഭരണം വന്നതിനുശേഷം വിവേകാനന്ദ റോഡ് ടാര്‍ ചെയ്തിട്ടില്ല. കുടപ്പനക്കുന്ന് വാര്‍ഡുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ ആ വിധത്തിലുള്ള തര്‍ക്കവും ഇവിടെ നിലനില്‍ക്കുന്നുണ്ട്.
നഗരസഭയുടെ കാലാവധി കഴിയുന്നതിനു മുമ്പ് റോഡ് ടാര്‍ ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ അതുണ്ടായില്ല. ഇതി റോഡിന്റെ ദുസ്ഥിതി എന്നുമാറുമെന്ന ചിന്തയിലാണ് പ്രദേശവാസികള്‍.