മറവു ചെയ്യേണ്ട മാലിന്യം ഫാമിൽ എത്തിച്ച സംഭവം: ബിഎഫ്ഒയ്ക്ക് സസ്പെൻഷൻ
1579987
Wednesday, July 30, 2025 6:46 AM IST
പാലോട്: മറവു ചെയ്യേണ്ട മാലിന്യം പന്നിഫാമിൽ എത്തിച്ച സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കു സസ്പെൻഷൻ. വനം വകുപ്പു പിടിച്ചെടുത്ത മാലിന്യം കോടതി ഉത്തരവിനെ തുടർന്നു മറവ ചെയ്യാൻ കൊണ്ടുപോവുകയും എന്നാൽ പാങ്ങോട് ചെമ്പൻകോട് പന്നി ഫാമിലേക്കു എത്തിച്ചതുമായ വിഷയത്തിലാണ് പാലോട് ഫോറസ്റ്റ് റേഞ്ചിലെ ഭരതന്നൂർ സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷാനവാസിനെ ഡിഎഫ്ഒ സസ് പെൻഡ് ചെയ്തത്.
സംഭവത്തിൽ കൂടുതൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 14 നാണു വനത്തിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച കേസിൽ പനവൂർ എസ്എൻ പുരം ശോഭനം വീട്ടിൽ സജീവ് കുമാർ (45), നേപ്പാൾ സ്വദേശിയായ കാലി ബഹദൂർ പരിയാർ (24) എന്നിവർ വനം വകുപ്പിന്റെ പിടിയിലായത്. രാത്രിയിൽ പാലോട് ചെമ്പൻകോട് ഭാഗത്തു കണ്ടെയ്നർ ലോറിയിൽ 18 ബാരൽ മാലിന്യങ്ങളുമായെത്തി വനത്തിൽ നിക്ഷേപിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. മാലിന്യം കൊണ്ടുവന്ന കെ എൽ 10 എ ജി 200 എന്ന ലോറിയും കസ്റ്റഡിയിലെത്തിരുന്നു.
കോടതി ഉത്തരവിനെ തുടർന്ന് 18 ബാരൽ മാലിന്യവും ലോറിയും ആയിട്ടാണു വനത്തിലേക്കു ഷാനവാസും വാച്ചർ ബൈജുവും പോയത്. എന്നാൽ വാഹനം പന്നിഫാമിൽ കിടക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നതോ ടെയാണ് വിവാദമായത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ബി എഫ് ഒ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായി പറയുന്നു. കൂടുതൽ അന്വേഷണത്തിനുശേഷം നടപടി സ്വീകരിക്കും.