നെയ്യാറ്റിൻകര നഗരസഭയുടെ "ശാന്തിയിടം' സെപ്തംബറില്‍ പ്രവർത്തനം ആരംഭിക്കും
1580206
Thursday, July 31, 2025 6:54 AM IST
നെയ്യാറ്റിൻകര: നഗരസഭയുടെ പൊതുശ്മശാനമായ "ശാന്തിയിടം' സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചെയര്മാന് പി.കെ. രാജമോഹനന് അറിയിച്ചു. ശ്മശാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കഴിഞ്ഞ ദിവസം നേരില്‍ വിലയിരുത്തി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. എം.എ. സാദത്ത്, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
എൽപിജിയിൽ പ്രവർത്തിക്കുന്ന പൊതുശ്മശാനത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. നഗരസഭയിലെ പ്ലാവിള വാർഡിലെ മലഞ്ചാണി കടുവാക്കുഴി മലയുടെ മുകളിലായി നഗരസഭ വാങ്ങിയ ഒരേക്കർ ഒന്നേകാൽ സെന്റ് സ്ഥലത്താണ് ശ്മശാനത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. 2024 ഡിസംബർ 11-നാണു നിർമാണ പ്രവൃത്തികൾക്കു തുടക്കം കുറിച്ചത്. എൽപിജി ക്രിമറ്റോറിയം ചേംബർ സ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ച് മെഷീൻ സ്ഥാപിക്കുന്ന നടപടികളും നടന്നുവരുന്നു.
`ശാന്തിയി`ടത്തിൽ ഒരേ സമയം രണ്ടു ചിതകൾ എൽപിജിയിൽ പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. മലഞ്ചാണി മലയുടെ ഭൂമിശാസ്ത്രം കണക്കിലെടുത്ത് ഒരേക്കർ സ്ഥലത്തെ മൂന്നു തട്ടുകളായി തിരിച്ചാണു നിർമാണം. ഏറ്റവും മുകളിലത്തെ തട്ടിലാണു ശ്മശാനം. രണ്ടും മൂന്നും തട്ടുകളിൽ പാർക്കിങ്ങും പാർക്കും ഇരിപ്പിടങ്ങളും അനുസ്മരണ യോഗങ്ങൾ നടത്താനുള്ള വേദിയും ഒരുക്കും.
മലമുകളിൽ നിന്നുള്ള നഗരത്തിന്റെ വിദൂര കാഴ്ചയും സന്ധ്യാസമയത്തെ സൂര്യാസ്തമനവും കാണുന്നതിനായി വ്യൂ പോയിന്റും യാഥാര്‍ഥ്യമാക്കും. 4,100 ചതുരശ്ര അടി വിസ്തീർണത്തിലാണ് "ശാന്തിയിടം' ഉയരുന്നത്. നാലുകെട്ടുകളുടെ മേൽക്കൂര അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് മേൽക്കൂര രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. "ശാന്തിയിടം' സംസ്ഥാനത്തിനുതന്നെ മാതൃകയാകുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.