സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മികവ് മാനേജ്മെന്റിൽ പ്രധാനം: ഗവർണർ
1580174
Thursday, July 31, 2025 6:37 AM IST
തിരുവനന്തപുരം: സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മികവാണ് മാനേജ്മെന്റിൽ ഏറ്റവും പ്രധാനമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷന്റെ (ടിഎംഎ) ദ്വിദിന വാർഷിക മാനേജ്മെന്റ് കണ്വെൻഷൻ "ട്രിമ-2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോർപ്പറേറ്റ് അഫയേഴ്സ് ഉൾപ്പെടെ ഏതു മേഖലയിലും മാനേജ്മെന്റ് മികവാണ് യഥാർഥത്തിൽ പരീക്ഷിക്കപ്പെടുന്നതെന്നും ഗവർണർ പറഞ്ഞു. ഒരു പ്രശ്നത്തെ നേരിടാനും മികച്ച രീതിയിൽ കൈകാര്യം ചെയ്യാനുമുള്ള നേതൃപാടവത്തിനും മാനേജ്മെന്റ് മികവിനുമുള്ള മികച്ച ഉദാഹരണമാണ് പഹൽഗാം ആക്രമണത്തെ തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ലോകത്തെ സാരമായി ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടുന്പോഴാണ് നേതൃമികവ് പരീക്ഷിക്കപ്പെടുന്നതെന്നു മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യൻ വ്യോമസേനയുടെ സതേണ്‍ എയർ കമാൻഡിലെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് എയർ മാർഷൽ മനീഷ് ഖന്ന പറഞ്ഞു.
ഭാവി നേതൃത്വത്തെ രൂപപ്പെടുത്തുന്നതിനായി മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള രൂപരേഖ കണ്‍വൻഷനിൽ അവതരിപ്പിക്കുമെന്ന് സ്വാഗതപ്രസംഗത്തിൽ ട്രിമ ചെയർമാനും എച്ച്എൽഎൽ ലൈഫ് കെയറിന്റെ സിഎംഡിയുമായ ഡോ. എം. അയ്യപ്പൻ പറഞ്ഞു.