മേല്‍പാലത്തിന്റെ ഒന്നാം ഘട്ട നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുന്നു.
1579684
Tuesday, July 29, 2025 6:59 AM IST
നേമം: കാക്കാമൂലയെയും കാര്‍ഷിക കോളജിനെയും ബന്ധിപ്പിച്ചു വെള്ളായണി കായലിന്റെ കുറുകെ നിര്‍മിക്കുന്ന മേല്‍പാലത്തിന്റെ ഒന്നാം ഘട്ട നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുന്നു.
നിലവില്‍ കായലിനെയും റോഡിനെയും രണ്ടായി തിരിക്കുന്ന ബണ്ടു റോഡിനു പകരമാണ് 30.25 കോടിരൂപ മുടക്കി മേല്‍പാലത്തിന്റെ പണി നടക്കുന്നത്. എം. വിന്‍സന്റ് എംഎല്‍എയുടെ കോവളം നിയോജകമണ്ഡലത്തിലെ കല്ലിയൂര്‍ പഞ്ചായത്തിലാണു പാലം വരുന്നത്.
അടുത്ത ആറു മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 173.2 മീറ്റര്‍ നീളമുള്ള പാലത്തിന് അഞ്ചു സ്പാനുകളാണ് ഉണ്ടായിരിക്കുക. 7.5 മീറ്റര്‍ നടപ്പാതയും ഉണ്ടാകും. ഇതിനു പുറമേ കേബിള്‍ ഡക്ട് എന്നിവയും നിര്‍മിക്കുന്നുണ്ട്.
കാക്കാമൂല ഭാഗത്ത് 228 മീറ്ററും കാര്ഷികകോളജിന്റെ ഭാഗത്ത് 213 മീറ്ററും നീളത്തിലാണ് അപ്രോച്ച് റോഡിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. ഈ റോഡിനു പത്തു മീറ്റര്‍ വീതിയുണ്ടാകും. ഇതിനു സമീപത്തായി വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നതുകൊണ്ടാണു സര്‍വീസ് റോഡ് നിര്‍മിക്കുന്നത്. ടൂറിസം സാധ്യതകള്‍കൂടി പരിഗണിച്ചു പാലത്തിന്റെ രൂപകല്പനയില് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
പാലത്തിന്റെ നിര്‍മാണത്തിനൊപ്പം ആര്‍ച്ചുകളും ലൈറ്റുകളും സ്ഥാപിക്കും. മഴക്കാലങ്ങളില്‍ ബണ്ടു റോഡില്‍ വെള്ളം കയറി ഗതാഗതം തടസപെടാതിരിക്കാനും കായലിന്റെ ആവാസ വ്യവസ്ഥയില്‍ തടസം നേരിടുന്ന രീതിയില്‍ വരാതിരിക്കാനും കായലിലെ മത്സ്യസമ്പത്തിനു കോട്ടം തട്ടാതിരിക്കാനും വേണ്ട മുന്‍ കൈരുതലുകളാണ് ഈ നിര്‍മാണത്തിലൂടെ നടപ്പിലാക്കുന്നത്.
മഴ പെയ്തു കഴിഞ്ഞാല്‍ കാക്കാമൂല - കാര്‍ഷിക കോളജ് റോഡില്‍ രൂക്ഷമായി കായല്‍ വെള്ളം കയറുകയും റോഡേത് കായലേതെന്ന സ്ഥിതിയില്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. മന്ത്രി മുഹമദ് റിയാസാണ് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചത്. രണ്ടു വര്‍ഷംകൊണ്ടു പണി പൂര്‍ത്തിയാക്കാനാണ് കരാര്‍. കിഫ്ബി വഴിയാണ് പാലം നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചത്. 2018-ല്‍ ഭരണാനുമതി ലഭിച്ചെങ്കിലും ടെണ്ടര്‍ നടപടികള്‍ നീണ്ടുപോയതിനാല്‍ കഴിഞ്ഞ വര്‍ഷമാണു പണി തുടങ്ങാന്‍ കഴിഞ്ഞത്.