ആര്യനാട് പാലൈകോണത്ത് പുലി ഇറങ്ങിയതായി അഭ്യൂഹം
1579675
Tuesday, July 29, 2025 5:10 AM IST
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്തിലെ പാലൈകോണം വാർഡിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. ഗണപതിയാംകുഴി, കുര്യാണിക്കര ഭാഗങ്ങളിലെ ആളുകളാണ് പുലിയെന്നു സംശയുക്കുന്ന മൃഗത്തെ കണ്ടതായി പറയുന്നത്.
രണ്ടു ദിവസങ്ങൾക്ക് മുൻപ് അർധരാത്രിയിൽ പിഎസ്സി പഠനം കഴിഞ്ഞു രാത്രി വീട്ടിലേയ്ക്ക് മടങ്ങിയ മൂന്നു യുവാക്കൾ ഗണപതി ക്ഷേത്രത്തിനു സമീപത്ത് പുലിയെപ്പോലെ വലിയ മൃഗത്തെ കണ്ടെതായി അറിയിച്ചു. തുടർന്നു യുവാക്കൾ അറിയിച്ചതനുസരിച്ച് ആര്യനാട് പോലീസ് സ്ഥലത്തെത്തി വനം വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം രണ്ടു ദിവസങ്ങൾക്കു ശേഷമാണ് കുര്യാണിക്കര സ്വദേശി സന്തോഷ് ഞായറാഴ്ച വൈകുന്നേരം വീടിനു പിന്നിൽ പുലിയെ കണ്ടതായി വിവരം അറിയിച്ചതെന്നു പഞ്ചായത്തംഗം ഇ.രാധാകൃഷ്ണൻ പറഞ്ഞു. ഇതിനു ശേഷം പുലി സമീപത്തെ ആറ്റിലേക്കു പോയി.
നാട്ടുകാരും പോലീസും വിവരം അരിയിച്ചിട്ടും വനംവകുപ്പ് അധികൃതർ യഥാസമയം സ്ഥലത്ത് എത്തിയില്ലെന്നും പരാതിയുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ വനം വകുപ്പിലെ ആർആർടി അംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ കൂടുതലായി ഒന്നും കണ്ടെത്താനായില്ല.