യൂത്ത് കോണ്ഗ്രസ് രാജ്ഭവൻ മാർച്ചിൽ സംഘർഷം
1579986
Wednesday, July 30, 2025 6:46 AM IST
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം.
പ്രവർത്തകർക്കു നേരെ പോലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. വൈകുന്നേരം അഞ്ചോടെ രാജ്ഭവനിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകരെ പോലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. പ്രവർത്തകരിൽ ചിലർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറാകാത്തതിനെ തുടർന്ന് പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. നേതാക്കൾ ഇടപെട്ടാണ് ഒടുവിൽ പ്രവർത്തകരെ ശാന്തരാക്കിയത്.